ഇന്‍ഡോര്‍: മധ്യപ്രദേശില്‍ റിട്ട. പ്രൊഫസറുടെ 33 ലക്ഷം രൂപ തട്ടിയെടുത്ത് സൈബര്‍ കൊള്ളസംഘം. ഡല്‍ഹി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. സംഘത്തിലെ ഒരാള്‍ വീഡിയോ കോള്‍ ചെയ്ത് പ്രൊഫസറെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പറ്റിക്കപ്പെട്ടു എന്ന് മനസിലാക്കിയതോടെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. ഉടന്‍ തന്നെ പൊലീസ് നടത്തിയ ഇടപെടലിലൂടെ 26.45 ലക്ഷം രൂപ തിരിച്ചു കിട്ടി. പണം തിരിച്ച് കിട്ടിയതോടെ കരള്‍രോഗ ബാധിതനായി ചികിത്സയിലായിരുന്ന റിട്ട. പ്രൊഫസര്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയതായി പൊലീസ് പറഞ്ഞു.
പൊലീസ് ഒഫീസറായി വേഷമിട്ടാണ് സംഘം തട്ടിപ്പ് നടത്തിയത്. നിങ്ങളുടെ ആധാര്‍ നമ്പര്‍ മറ്റുപല ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഈ അക്കൗണ്ടുകള്‍ വഴി കോടിക്കണക്കിന് രൂപ വെളുപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് പ്രൊഫസറെ ഇവര്‍ വിരട്ടിയത്. ഭയപ്പെട്ട പ്രൊഫസര്‍ കൊള്ള സംഘത്തിന്‍റെ നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കുകയായിരുന്നു. കൊള്ളസംഘം പറഞ്ഞതനുസരിച്ച് പല അക്കൗണ്ടുകളിലേക്ക് 33 ലക്ഷം രൂപയാണ് പ്രൊഫസര്‍ ട്രാന്‍സ്ഫര്‍ ചെയ്തത് എന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ബാക്കി തുക തിരിച്ചെടുക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.