ഭോപ്പാൽ: കൊളോസ്റ്റമി ബാഗുമായി സ്വകാര്യ ആശുപത്രിയുടെ പുറത്ത് എത്തി ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുന്നുള്ള ഗുരതര ആരോപണവുമായി യുവാവ്. മധ്യപ്രദേശിലെ രത്‌ലമിലാണ് സംഭവം. ആരോപണങ്ങൾ ആശുപത്രി നിഷേധിച്ചിട്ടുണ്ട്. സംഭവം വൈറലായതിന് പിന്നാലെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ആകെ ബിൽ 8,000 രൂപ മാത്രമായിരുന്നുവെന്നാണ് ആശുപത്രിയുടെ അവകാശവാദം.
രത്‌ലമിലെ ഒരു ആശുപത്രിക്ക് പുറത്ത് ഒരു യുവാവ് ഡോക്ടർമാർ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപിക്കുകയായിരുന്നു. സംഭവത്തിന് മുമ്പ് 40,000 രൂപ ആശുപത്രി ബിൽ അടച്ചുവെന്നാണ് യുവാവിന്‍റെ ഭാര്യയും പറയുന്നത്. അരക്കെട്ടിൽ ടോയ്‌ലറ്റ് (കൊളോസ്റ്റമി) ബാഗും മൂക്കിൽ ട്യൂബുമായി അര്‍ധ നഗ്നനായാണ് യുവാവ് ആശുപത്രിക്ക് പുറത്ത് എത്തി ആരോപണം ഉന്നയിച്ചത്.
രത്‌ലം മോട്ടി നഗർ നിവാസിയായ ബണ്ടി നിനാമയെ ദീൻദയാൽ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച രാത്രിയുണ്ടായ വഴക്കിൽ പരിക്കേറ്റതിനെ തുടർന്നാണ് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ജിഡി ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ആശുപത്രിക്ക് പുറത്ത് ബഹളം ഉണ്ടാക്കിയ ശേഷം യുവാവ് ഭാര്യയോടൊപ്പം ഒരു ഓട്ടോറിക്ഷയിൽ അവിടെ നിന്ന് പോകുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തന്‍റെ ഭർത്താവ് കോമയിലാണെന്ന് തന്നോട് പറഞ്ഞതായി ഭാര്യ പറഞ്ഞു.
“ആശുപത്രിയിൽ പ്രവേശിപ്പിച്ച് 12 മണിക്കൂറിനുള്ളിൽ ഞങ്ങൾ 40,000 രൂപ ചെലവഴിച്ചു. കൂടുതൽ പണം എങ്ങനെയെങ്കിലും ഉണ്ടാക്കാനാണ് പോയത്. തിരിച്ചെത്തിയപ്പോൾ, ഡോക്ടർമാർ കോമയിലാണെന്ന് പറഞ്ഞ ഭർത്താവ് ദേഷ്യത്തോടെ പുറത്ത് നിൽക്കുകയായിരുന്നു” – ബണ്ടി നിനാമയുടെ ഭാര്യ പറഞ്ഞു. ഈ വിഷയം അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ചതായി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ. എംഎസ് സാഗർ പറഞ്ഞു.