ന്യൂഡെല്‍ഹി.ജമ്മു കാശ്മീർ കത്വയില്‍ കാണാതെയായ മൂന്ന് യുവാക്കൾ മരിച്ച സംഭവം പിന്നിൽ ഭീകരാക്രമണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. സംഭവത്തിൽ ദുഃഖവും ആശങ്കയും രേഖപ്പെടുത്തുന്നു എന്നും കേന്ദ്രമന്ത്രി. സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജമ്മു കാശ്മീരിലേക്ക്.പതിനഞ്ചുകാരനടക്കം കാണാതെയായ മൂന്ന് യുവാക്കളുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.
ജമ്മു കശ്മീർ കത്വ ജില്ലയിലെ ബാനിയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മൂന്ന് യുവാക്കളെയാണ് കഴിഞ്ഞ ബുധനാഴ്ച കാണാതെ ആയത്. യുവാക്കളെ കണ്ടെത്താനായി തിരച്ചിൽ ഊർജ്ജിതമായിരുന്നു.ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ബില്ലാവര്‍ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് 15 കാരനടക്കം മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തി.ദര്‍ശന്‍ സിങ്,യോഗേഷ് സിങ്,വരുണ്‍ സിങ് എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നിൽ ഭീകരാക്രമണം എന്നാണ് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് വെളിപ്പെടുത്തിയത്. നടന്നത് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്നും കേന്ദ്രമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. സംഭവത്തിന് പിന്നിൽ ഭീകരരാണെന്ന് സുരക്ഷാസേനയുടെ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിവിധ സുരക്ഷാ സേനകളുടെയും ഇന്‍റലിജന്‍സ് ഏജന്‍സികളുടെയും യോഗം വിളിച്ചിട്ടുണ്ട്. യുവാക്കളുടെ മരണത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.