ബെംഗളൂരു: കന്നഡിഗയായി അറിയപ്പെടാൻ താൽപര്യമില്ലാത്ത നടി രശ്മിക മന്ദാനയെ പാഠം പഠിപ്പിക്കണമെന്ന കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡയുടെ ആഹ്വാനത്തിനു പിന്നാലെ, നടിക്ക് സംരക്ഷണം ആവശ്യപ്പെട്ട് കൊടവ നാഷനൽ കൗൺസിൽ രംഗത്തുവന്നു. സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സംസ്ഥാന ആരോഗ്യ മന്ത്രി ജി.പരമേശ്വരയ്ക്കും അവർ കത്തെഴുതി. നടിയുടെ വ്യക്തിസ്വാതന്ത്ര്യത്തെ സർക്കാർ മാനിക്കണം, എംഎൽഎയുടെ നടപടി ഗുണ്ടായിസമാണ്, നടിയെ മാത്രമല്ല കൊടവ സമുദായത്തെയാണ് എംഎൽഎ ലക്ഷ്യമിട്ടതെന്നും കൗൺസിൽ പ്രസിഡന്റ് എൻ.യു.നാച്ചപ്പയുടെ കത്തിലുണ്ട്.
കുടകിൽ നിന്നുള്ള നടി ഹൈദരാബാദുകാരിയായി അറിയപ്പെടാനാണ് കൂടുതൽ ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞ വർഷം ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനുള്ള സർക്കാരിന്റെ ക്ഷണം ഇതു പറഞ്ഞു നിരസിച്ചെന്നുമാണ് രവികുമാർ ആരോപിച്ചത്. കന്നഡിഗരെ അവഹേളിച്ച ഇവരെ പാഠം പഠിപ്പിക്കണമെന്നും എംഎൽഎ ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ചുവടു പിടിച്ച് കന്നഡ രക്ഷണ വേദികെ കൺവീനർ നാരായണ ഗൗഡയും രശ്മികയെ വിമർശിച്ചിരുന്നു.
ഫെബ്രുവരി 28ന് ആരംഭിച്ച ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിൽനിന്നു കന്നഡ ചലച്ചിത്ര താരങ്ങൾ വിട്ടുനിന്നതിനെ ഉദ്ഘാടന വേദിയിൽ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രശ്മികയെ ലക്ഷ്യമിട്ട് രവികുമാർ രംഗത്തുവന്നത്. തെന്നിന്ത്യൻ സിനിമ കൂടാതെ ഹിന്ദിയിലും രശ്മിക വേഷങ്ങൾ ചെയ്തിട്ടുണ്ട്.