ഭോപാൽ: മധ്യപ്രദേശിലെ മോറേന സ്വദേശിയായ ആളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മൂന്നു പെൺമക്കളും ഒരു മകനുമുള്ള ഹരീന്ദ്ര മൗര്യ എന്ന ഇലക്ട്രിഷ്യനാണ് ആത്മഹത്യ ചെയ്തത്. ഹരീന്ദ്രയെ പെൺമക്കളും ഭാര്യയും ചേർന്നു വടികൊണ്ടു തല്ലുന്നതിന്റെയും പ്രതികരിക്കാനാകാതെ ദയനീയമായി അടിയേറ്റു കരയുന്നതിന്റെയും ദൃശ്യങ്ങളാണു പുറത്തുവന്ന വിഡിയോയിൽ ഉള്ളത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, ഹരീന്ദ്രയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് റിപ്പോർട്ട് കിട്ടുമ്പോൾ വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതികരണം.
ഹരീന്ദ്രയും ഭാര്യയും തമ്മിൽ കലഹം പതിവായിരുന്നുവെന്ന് അയൽക്കാർ പൊലീസിനു മൊഴി നൽകി. മാർച്ച് ഒന്നിന് ഇവരുടെ രണ്ടു പെൺമക്കളുടെ വിവാഹം നടത്തിയിരുന്നു. ഇതിനു പിന്നാലെ, വിവാഹമോചനം വേണമെന്നും സ്വന്തം വീട്ടിലേക്കു പോകണമെന്നും ഹരീന്ദ്രയുടെ ഭാര്യ ആവശ്യപ്പെട്ടു. ഇതിൽ ദുഃഖിതനായ ഹരീന്ദ്ര മുറിക്കുള്ളിൽ കയറി വാതിൽ അടച്ചുപൂട്ടിയെന്നും ഏറെസമയം കഴിഞ്ഞും ഇയാൾ പുറത്തിറങ്ങാതെ വന്നതോടെ അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നും കുടുംബം പറയുന്നു.
വീട്ടിലെ നിരന്തര കലഹത്തെത്തുടർന്ന് ഹരീന്ദ്ര ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അയൽക്കാരുടെ നിലപാട്. എന്നാൽ ഹരീന്ദ്രയെ കൊന്നത് അദ്ദേഹത്തിന്റെ പിതാവും സഹോദരനുമാണെന്നു ബന്ധുക്കളും ആരോപിക്കുന്നു. ഇതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന വിഡിയോ പുറത്തുവന്നത്. ഈ വിഡിയോയിൽ ഹരീന്ദ്രയുടെ ഒരു മകൾ അദ്ദേഹത്തിന്റെ കാലുകൾ പിടിച്ചുകൊടുക്കുന്നതും മറ്റൊരു മകൾ വടിവച്ച് തല്ലുന്നതും കാണാം. മകൾക്ക് അടിക്കാനായി ഹരീന്ദ്രന്റെ ഭാര്യയും കാലുകൾ പിടിച്ചു നൽകുന്നത് വിഡിയോയിൽ വ്യക്തമാണ്. വേദനകൊണ്ട് അലറിവിളിക്കുന്ന ഹരീന്ദ്രയെയും വിഡിയോയിൽ വ്യക്തമായി കാണാം. ഒരുഘട്ടത്തിൽ മകൻ സഹോദരിയെ വിലക്കാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ തടയാൻ ശ്രമിച്ചാൽ അവനും തല്ലുകിട്ടുമെന്ന് സഹോദരി ഭീഷണിപ്പെടുത്തുന്നതും കാണാം. പിടിത്തം വിടുവിക്കാൻ ശ്രമിക്കുന്ന രവീന്ദ്രയെ ഭാര്യ വീണ്ടും മുറുകെപ്പിടിക്കുന്നതും കാണാം.
ഫെബ്രുവരി ഒന്ന് എന്ന തീയതിയിലാണ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. ‘ആത്മഹത്യയെന്നാണ് നിലവിലെ വിവരം. കുടുംബകലഹം ഉണ്ടായിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനുശേഷം എല്ലാവശങ്ങളും പരിശോധിച്ച് നടപടിയെടുക്കും. വിഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ട്’’ – പൊലീസ് അറിയിച്ചു.