ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ എച്ച്സിഎൽ ടെക്കിന്റെ (HCL Tech) ചെയർപേഴ്സൺ റോഷ്നി നാടാർ മൽഹോത്ര (Roshni Nadar Malhotra) ഒറ്റക്കുതിപ്പിൽ മുന്നേറിയുന്നത്, രാജ്യത്തെ മൂന്നാമത്തെ വലിയ സമ്പന്നവ്യക്തിയെന്ന നേട്ടത്തിലേക്ക്. പിതാവും എച്ച്സിഎൽ ടെക്കിന്റെ സ്ഥാപകനും മുൻ ചെയർമാനുമായ ശിവ് നാടാർ (Shiv Nadar), എച്ച്സിഎൽ ടെക്കിന്റെ പ്രൊമോട്ടർ കമ്പനികളായ എച്ച്സിഎൽ കോർപ്പറേഷൻ, വാമ സുന്ദരി ഇൻവെസ്റ്റ്മെന്റ്സ് (വാമ ഡൽഹി) എന്നിവയിലായി തനിക്കുണ്ടായിരുന്ന 47% ഓഹരികൾ സമ്മാനിച്ചതോടെയാണ് മകൾ റോഷ്നി നാടാർ മൽഹോത്രയുടെ നേട്ടം.
ഓഹരി കൈമാറ്റം പൂർണമാകുന്നതോടെ എച്ച്സിഎൽ കോർപ്പറേഷൻ, വാമ ഡൽഹി എന്നിവയിലെ ഏറ്റവും വലിയ ഓഹരി ഉടമയായും 44കാരി റോഷ്നി മാറും. ലിസ്റ്റഡ് കമ്പനികളായ എച്ച്സിഎൽ ടെക്, എച്ച്സിഎൽ ഇൻഫോസിസ്റ്റംസ് എന്നിവയുടെയും ഏറ്റവും വലിയ ഓഹരി ഉടമയെന്ന നേട്ടം ഇതുവഴി റോഷ്നിക്ക് സ്വന്തമാകും.
എച്ച്സിഎൽ ഇൻഫോസിസ്റ്റംസിൽ വാമ ഡൽഹിക്കുള്ള 12.94%, എച്ച്സിഎൽ കോർപ്പറേഷനുള്ള 49.94% എന്നീ വോട്ടിങ് അവകാശാധിഷ്ഠിത ഓഹരി പങ്കാളിത്തമാണ് റോഷ്നിക്ക് ലഭിക്കുക. എച്ച്സിഎൽ ടെക്കിൽ നിലവിൽ വാമ സുന്ദരി ഇൻവെസ്റ്റ്മെന്റ്സിന് 1.86 ലക്ഷം കോടി രൂപ മതിക്കുന്ന 44.71% ഓഹരി പങ്കാളിത്തമാണുള്ളത്.
1976ലാണ് ശിവ് നാടാർ എച്ച്സിഎൽ ടെക് സ്ഥാപിക്കുന്നത്. 2020 ജൂലൈയിൽ അദ്ദേഹം ചെയർമാൻ പദവി മകൾക്കു കൈമാറി. മാനേജിങ് ഡയറക്ടർ ആൻഡ് സിഇഒ പദവിയൊഴിഞ്ഞാണ് റോഷ്നി ചെയർപേഴ്സൺ ആയത്. പിന്നാലെ എംഡി ആൻഡ് സിഇഒയായി സി. വിജയകുമാർ ചുമതലയേറ്റു.
ബ്ലൂംബെർഗിന്റെ റിയൽടൈം പട്ടികപ്രകാരം 8,810 കോടി ഡോളർ (ഏകദേശം 7.66 ലക്ഷം കോടി രൂപ) ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ. 6,890 കോടി ഡോളറുമായി (5.98 ലക്ഷം കോടി രൂപ) അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി രണ്ടാംസ്ഥാനത്തും.
3,590 കോടി ഡോളറുമായാണ് (3.12 ലക്ഷം കോടി രൂപ) റോഷ്നി നാടാർ മൂന്നാംസ്ഥാനം അലങ്കരിക്കുക. 3,450 കോടി ഡോളറുമായി (3 ലക്ഷം കോടി രൂപ) ഷാപുർ മിസ്ത്രിയും കുടുംബവും നാലാമതും ഒ.പി. ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ എമരിറ്റസ് സാവിത്രി ജിൻഡാൽ 3,010 കോടി ഡോളറുമായി (2.61 ലക്ഷം കോടി രൂപ) അഞ്ചാമതുമാണ്.
ശിവ് നാടാർ ഫൗണ്ടേഷൻ ട്രസ്റ്റീ കൂടിയായ റോഷ്നി, നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷൻസിൽ ബിരുദവും കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.