‘നികുതി കുറയ്ക്കുമെന്ന് സമ്മതിച്ചിട്ടില്ല; വ്യാപാരധാരണ ഉണ്ടാക്കാൻ ശ്രമം’: ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ

Advertisement

ന്യൂ‍ഡൽഹി: യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ നികുതി കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം കേന്ദ്രം തള്ളി. നാലു ദിവസത്തെ വ്യാപാര ചർച്ചകൾക്കുശേഷം വാണിജ്യമന്ത്രി പീയൂഷ് ഗോയലും സംഘവും യുഎസിൽനിന്ന് ഇന്ത്യയിലേക്കു യാത്രതിരിച്ചതിനു പിന്നാലെ വെള്ളിയാഴ്ചയായിരുന്നു ട്രംപിന്റെ നിർണായക വെളിപ്പെടുത്തൽ.

എന്നാൽ ഇങ്ങനെയൊരു ധാരണ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രം പാർലമെന്ററി പാനലിനോട് തിങ്കളാഴ്ച അറിയിച്ചിരുന്നു. വിഷയം പരിഹരിക്കാൻ സെപ്റ്റംബർ വരെ സമയം വേണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിദേശകാര്യ, വാണിജ്യ മന്ത്രാലയ സെക്രട്ടറി സുനിൽ ബർത്‌വാളാണ് പാർലമെന്ററി സമിതിക്കുമുന്നിൽ ഹാജരായത്. ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായ തരത്തിൽ ഒരു ഉഭയകക്ഷി വ്യാപാരധാരണ ഉണ്ടാക്കാനാണു ശ്രമമെന്നും ദീർഘകാലത്തേക്കു വേണ്ടിയാണതെന്നും സുനിൽ ബർ‌ത്‌വാൾ പറഞ്ഞു. ചൈന, കാനഡ, മെക്സിക്കോ പോലുള്ള രാജ്യങ്ങളെപ്പോലെയല്ല, യുഎസുമായി വ്യാപാരക്കരാറാണ് ഇന്ത്യ നടപ്പാക്കാൻ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പകരച്ചുങ്കം എന്ന ഭീഷണിയിൽനിന്ന് ഇന്ത്യയ്ക്ക് ചിലപ്പോൾ ആശ്വാസം ലഭിച്ചേക്കുമെന്നും സുനിൽ ബർത്‌വാൾ കൂട്ടിച്ചേർത്തു. മോദി സർക്കാർ എന്തൊക്കെ വിഷയങ്ങളിലാണ് യുഎസിനോടു സമ്മതം മൂളിയതെന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കർഷകരുടെയും ഉൽപാദനരംഗത്തിന്റെയും താൽപര്യങ്ങളിൽ കേന്ദ്രം വിട്ടുവീഴ്ച ചെയ്യുകയാണോയെന്നും കോൺഗ്രസ് ചോദിച്ചിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here