ഹോട്ടലിലെ ഇത്തരം ഇഡ്ഡലി കാന്‍സര്‍ ഉണ്ടാക്കുമെന്ന് പഠനം; നടപടിയുമായി ആരോഗ്യവകുപ്പ്

Advertisement

ഇനി ഹോട്ടലുകളിൽ നിന്നു ഇഡ്ഡലിയും വിശ്വസിച്ച് കഴിക്കാൻ പറ്റില്ലേ? കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 52 ഹോട്ടലുകൾ ഇഡ്ഡലി തയാറാക്കാനായി പോളിത്തീൻ ഷീറ്റ് ഉപയോഗിച്ചതായി കണ്ടെത്തിയതായി ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. ഇഡ്ഡലി ആരോഗ്യകരമായ പ്രഭാത ഭക്ഷണം ആണ്, ഹോട്ടലുകളിൽ ഉണ്ടാക്കുന്ന രീതിയാണ് പ്രശ്നം. ജനപ്രിയവും ആരോഗ്യകരവുമായി കണക്കാക്കുന്ന ഇഡ്ഡലി പോലൊരു വിഭവത്തെക്കുറിച്ച് വന്ന ഈ വാര്‍ത്ത, ഭക്ഷണപ്രേമികള്‍ക്കൊന്നടങ്കം വളരെയധികം ഞെട്ടലുണ്ടാക്കുന്നതാണ്.

കർണാടകയിലുടനീളമുള്ള ഭക്ഷണശാലകളിൽ നിന്നുള്ള 500 ലധികം ഇഡ്ഡലി സാമ്പിളുകൾ പരിശോധിച്ചപ്പോള്‍, ഇതില്‍ 35 ഇഡ്ഡലികളിൽ അർബുദകാരികളായ രാസവസ്തുക്കൾ ഉണ്ടെന്ന് കണ്ടെത്തി. ഈ മലിനീകരണത്തിന് കാരണമായേക്കാമെന്ന് കരുതുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പൂർണമായും നിരോധിക്കുന്ന കാര്യം സംസ്ഥാനം പരിഗണിക്കും.

പരമ്പരാഗതമായി, ഇഡ്ഡലി മാവ് വൃത്തിയുള്ള കോട്ടൺ തുണികളിലാണ് വയ്ക്കുന്നത്, ഇഡ്ഡലി തട്ടില്‍ വച്ച് ആവിയില്‍ വേവിക്കുന്നു. എന്നിരുന്നാലും, പല ഹോട്ടലുകളും വഴിയോര കച്ചവടക്കാരും കോട്ടൺ തുണികൾക്ക് പകരം പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നുണ്ട്. ചൂടാകുമ്പോള്‍ ഇവ ഹാനികരമായ രാസമാലിന്യങ്ങള്‍ പുറത്തുവിടുന്നു.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആശങ്ക

ഇഡ്ഡലി ഉണ്ടാക്കുന്നതിനായി റസ്റ്ററന്റുകൾ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഇത്തരം നിരവധി സംഭവങ്ങൾ വകുപ്പ് കണ്ടെത്തിയതായി കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു തന്നെ അറിയിച്ചിരുന്നു. “പ്ലാസ്റ്റിക് അർബുദകാരിയായതിനാൽ ഹോട്ടലുടമകൾ ഒരിക്കലും ഇത് ചെയ്യാൻ പാടില്ലായിരുന്നു. പ്ലാസ്റ്റിക്കിലെ അർബുദകാരികളായ ഘടകങ്ങൾ ഇഡ്ഡലിയിൽ പ്രവേശിക്കാം,” മന്ത്രി പറഞ്ഞു.ഹോട്ടലുകളും തെരുവ് കച്ചവടക്കാരും ഇത്തരം രീതികൾ പൂർണമായും നിർത്തുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കും.

കർണാടകയിലുടനീളമുള്ള 252 സ്ഥലങ്ങളിൽ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഇഡ്ഡലി സാമ്പിളുകൾ ശേഖരിച്ചു. ഇവയില്‍ 52 ഇടങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗിച്ചതായി കണ്ടെത്തി. ഈ രീതി പിന്തുടരുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യ നിർമ്മാണ പ്രക്രിയകളിൽ പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിക്കുന്നതിനെക്കുറിച്ചും മന്ത്രാലയം ആലോചിക്കുന്നുണ്ട്. ആരെങ്കിലും ഇത് ചെയ്യുന്നുണ്ടെങ്കിൽ അത് തങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷണം തയാറാക്കുമ്പോള്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ, ഹോട്ടലുകളെയും മറ്റ് ഭക്ഷണശാലകളെയും ബോധവൽക്കരിക്കുന്നതിനുള്ള ഒരു കാമ്പെയ്‌നും മന്ത്രാലയം ആരംഭിക്കുന്നുണ്ട്. കൂടാതെ നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷാവ്യവസ്ഥകൾ കൊണ്ടുവരുന്നത് പരിഗണിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here