തെന്നിന്ത്യന്‍ നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി. തെലുങ്കു നടന്‍ മോഹന്‍ ബാബുവിനെതിരെയാണ് പരാതി. ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലക്കാരനായ ചിട്ടിമല്ലു എന്നയാളാണ് സൗന്ദര്യയുടേത് അപകടമരണമല്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഖമ്മം എ.സി.പിക്കും ജില്ലാ അധികൃതര്‍ക്കും പരാതി നല്‍കിയത്. സൗന്ദര്യ മരിച്ച് 21 വര്‍ഷത്തിന് ശേഷമാണ് ആരോപണം.
നടന്‍ മോഹന്‍ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തര്‍ക്കമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഷംഷാബാദിലെ ജാല്‍പള്ളി എന്ന ഗ്രാമത്തില്‍ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇത് മോഹന്‍ ബാബുവിന് വില്‍ക്കാന്‍ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്നത്തിന് കാരണമെന്നും സൗന്ദര്യയുടെ മരണശേഷം മോഹന്‍ബാബു ഈ ഭൂമി ബലമായി കൈവശപ്പെടുത്തിയെന്നും ചിട്ടിമല്ലു ആരോപിക്കുന്നുണ്ട്.
മോഹന്‍ബാബു ഭൂമി കൈവശപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും, ആ ഭൂമി മോഹന്‍ ബാബുവില്‍ നിന്ന് തിരിച്ചുവാങ്ങി പൊതുജന ക്ഷേമാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും ചിട്ടിമല്ലു ആവശ്യപ്പെട്ടിട്ടുണ്ട്. മോഹന്‍ബാബുവിന്റെ ജാല്‍പള്ളിയിലെ ആറേക്കര്‍ ഗസ്റ്റ്ഹൗസ് പിടിച്ചെടുക്കണമെന്നും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും,സുരക്ഷ നല്‍കണമെന്നും ചിട്ടിമല്ലു ഖമ്മം എസ്.പിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
2004 ഏപ്രില്‍ 17-നാണ് അഗ്‌നി ഏവിയേഷന്റെ നാലുപേര്‍ക്കിരിക്കാവുന്ന സെസ്ന-180 എന്ന ചെറുവിമാനം അപകടത്തില്‍പ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിനടുത്ത കരിം നഗറിലേക്ക് പോവുകയായിരുന്നു സൗന്ദര്യയും കൂട്ടരും. ജക്കൂര്‍ എയര്‍ഫീല്‍ഡില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. എതിരെയുള്ള കാര്‍ഷിക സര്‍വകലാശാലയുടെ ഗാന്ധി കൃഷി വികാസ് കേന്ദ്രം കാമ്പസിലാണ് വിമാനം വീണത്. സൗന്ദര്യയടക്കം വിമാനത്തിലുണ്ടായിരുന്ന നാലുപേരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞുപോയിരുന്നു. മരിക്കുമ്പോള്‍ 32 വയസായിരുന്നു സൗന്ദര്യക്ക്.