അഹമ്മദാബാദ്.ഗുജറാത്തിൽ വൻ ലഹരി വേട്ട. മൂന്ന് കോടി നാൽപത്ത് അഞ്ച് ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. കളിപ്പാട്ടങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി മരുന്ന് എത്തിച്ചത്.
ലഹരി മരുന്ന് കടത്താൻ പലവഴികളാണ് മാഫിയാ സംഘങ്ങൾ കണ്ടെത്തുന്നത്. പോസ്റ്റൽ സർവീസ് ഉപയോഗപ്പെടുത്തി കൊറിയറായി അയക്കുന്നതാണ് പുതിയ രീതി. ഇത്തരം നീക്കങ്ങൾ നിരീക്ഷിച്ച് വരികയായിരുന്ന ക്രൈംബ്രാഞ്ച് സംഘമാണ് മൂന്നരകോടിയോളം വിലവരുന്ന ലഹരി മരുന്ന് പിടികൂടിയത്. അഹമ്മദാബാദിനെ ഷാഹിബാഗിലെ ഫോറിൻ പോസ്റ്റ് ഓഫീസിലേക്ക് എത്തിയ നൂറ്റി അഞ്ച് പാഴ്സലുകളാണ് തടഞ്ഞ് വച്ച് പരിശോധിച്ചത്.
കളിപ്പാട്ടങ്ങളെന്നാണ് രേഖകളിലുണ്ടായിരുന്നത്.എന്നാൽ കളിപ്പാട്ടങ്ങൾക്കുള്ളിലുണ്ടായിരുന്നത് കഞ്ചാവും എംഡിഎംഎയും അടക്കമുള്ള ലഹരി മരുന്നുകൾ. ഡാർക് വെബ് ഉപയോഗിച്ചാണ് ഓൺലൈനായി ലഹരി മരുന്ന് ഓർഡർ ചെയ്യുന്നതെന്നാണ് വിവരം. പോസ്റ്റ് ഓഫീസ് വഴി കളിപ്പാട്ടങ്ങളെന്നോ പ്രോട്ടീൻ പൌഡറോന്നോ ഒക്കെ പറഞ്ഞാണ് കൊറിയർ ചെയ്യുന്നത്. പായ്ക്കറ്റ് ലഭിക്കേണ്ടവരുടെ വിലാസം ചിലപ്പോൾ വ്യാജമാവും. ഇപ്പോൾ പിടികൂടിയ ലഹരി മരുന്ന് ആരാണ് ഓർഡർ ചെയ്തതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗുജറാത്ത് പൊലീസ്