ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ കടത്തും, അപരിചിതര്‍ക്ക് വിവാഹം ചെയ്ത് നല്‍കും; യുവതികള്‍ക്കായി തിരച്ചില്‍

Advertisement

ഗുവാഹത്തി: അസാമില്‍ നിന്ന് കടത്തിക്കൊണ്ടു പോയ പെണ്‍കുട്ടികളെ തിരിച്ചെത്തിച്ച് പൊലീസ്. രാജസ്ഥാനിലേക്ക് കൊണ്ടുപോയ പെണ്‍കുട്ടികളെ അപരിചിതര്‍ക്ക് വിവാഹം കഴിപ്പിച്ച് നല്‍കിയിരുന്നതായി പൊലീസ് പറയുന്നു. കുട്ടികളെ കടത്തിയ രണ്ട് യുവതികള്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്.


കച്ചാര്‍ ജില്ല സ്വദേശിയായ ഒരാള്‍ തന്‍റെ മകളെ കാണാനില്ല എന്ന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയതാണ് കേസില്‍ വഴിത്തിരിവായത്. ജനുവരി 24 ന് കലൈന്‍ പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത് രുപാലി ദുത്ത, ഗംഗ ഗുഞ്ചു എന്നീ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ജോലി വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയെന്നും ഇതില്‍ പരാതിക്കാരന്‍റെ അയല്‍വാസിയായ പെണ്‍കുട്ടി രക്ഷപ്പെട്ട് തിരിച്ചെത്തിയെന്നുമാണ്.


തിരിച്ചെത്തിയ പെണ്‍കുട്ടിയില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ വച്ചാണ് പൊലീസ് തുടരന്വേഷണം നടത്തിയത്. പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് കുട്ടികളെ കടത്തിയതിന് പിന്നില്‍ രണ്ട് സ്ത്രീകളാണ്. അവര്‍ രണ്ടു കുട്ടികളേയും അപരിചിതരായ രണ്ടുപേര്‍ക്ക് വിവാഹം ചെയ്ത് നല്‍കിയിരുന്നു. ഇതില്‍ രക്ഷപ്പെട്ട് തിരിച്ചെത്തിയത് രുപാലി എന്ന പെണ്‍കുട്ടിയാണ്. രുപാലി സാഹസികമായി ട്രെയിന്‍ കയറി രക്ഷപ്പെട്ട് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. രാജസ്ഥാനില്‍ പെട്ടുപോയ ഗംഗ വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചത് അന്വേഷണത്തില്‍ മറ്റൊരു വഴിത്തിരിവായി. ഈ കോള്‍ ട്രേസ് ചെയ്ത് ജയ്പൂരില്‍ എത്തിയ പൊലീസ് സംഘം രാജസ്ഥാന്‍ പൊലീസിന്‍റെ സഹായത്തോടെ ഗംഗയെ കണ്ടെത്തുകയും അവളെ വിവാഹം ചെയ്ത ലീല റാം എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അന്വേഷണത്തിനിടെ അപ്രതീക്ഷിതമായി മറ്റൊരു പെണ്‍കുട്ടിയെ രക്ഷിക്കാനും പൊലീസിന് സാധിച്ചു. യൂണിഫോം കണ്ട് അസാം പൊലീസ് ആണെന്ന് മനസിലാക്കിയ മറ്റൊരു പെണ്‍കുട്ടി തന്നെ അസാമില്‍ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്ന് തുറന്ന് പറയുകയായിരുന്നു. ഈ കുട്ടിയേയും രക്ഷപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ കടത്തിക്കൊണ്ടുപോയ രണ്ട് യുവതികളെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here