‘യുട്യൂബ് നോക്കി സ്വർണക്കടത്ത് പഠിച്ചു; ആറടി പൊക്കമുള്ളയാൾ സ്വർണം കൈമാറി, അരക്കെട്ടിലും പോക്കറ്റിലും തിരുകി’

Advertisement

ബെംഗളൂരു: ആഫ്രിക്കൻ‍ – അമേരിക്കൻ ശൈലിയിൽ സംസാരിക്കുന്നയാളാണ് തനിക്ക് ദുബായ് എയർപോർട്ടിൽ വച്ച് സ്വർണം കൈമാറിയതെന്ന് സ്വര്‍ണക്കടത്തു കേസിൽ അറസ്റ്റിലായ കന്നട നടി രന്യ റാവു. ബെംഗളൂരുവിൽ വിമാനത്താവളത്തിന്റെ സർവീസ് റോഡിൽ തന്നെ കാത്തുനിൽക്കുന്ന ഓട്ടോറിക്ഷയിലുള്ളയാൾക്ക് സ്വർണം കൈമാറാനായിരുന്നു നിർദേശം. ഈ വ്യക്തിയെ തനിക്ക് മുൻപരിചയമില്ലെന്നും നടി ഡിആർഐ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.

മാർച്ച് ഒന്നിന് വിദേശത്തുനിന്ന് അജ്ഞാതൻ തന്നെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു.‌‌‌‌ രണ്ടാഴ്ചയോളം ഇതു തുടർന്നു. VoIP നെറ്റ്‌വർക്കിൽ നിന്നാണ് ഫോൺ വന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 3ന്റെ ഗേറ്റ് എയിൽ നിന്ന് സ്വർണം കൈപ്പറ്റാനും, ഇതു ബെംഗളൂരുവിൽ എത്തിക്കാനുമായിരുന്നു നിർദേശം. തന്നെ മറ്റേതെങ്കിലും രീതിയിൽ ഇതു ബാധിക്കുമോയെന്ന് പേടിച്ചതു കൊണ്ടാണ് പൊലീസിനെ വിവരം അറിയിക്കാതിരുന്നതെന്നും രന്യ റാവു പറഞ്ഞു.

സ്വർണക്കടത്തിനെ കുറിച്ച് ‌നടി നൽകിയ മൊഴി

ദുബായ് വിമാനത്താവളത്തിലെ ഗേറ്റ് എയിലെ എക്സ്പ്രെസോ മെഷീനടുത്ത് വെള്ള ഗൗൺ ധരിച്ച ആറടി ഉയരവും നല്ല ശരീരപ്രകൃതമുള്ള വ്യക്തിയെ കാണാൻ ഫോൺ വിളിച്ചയാൾ എനിക്ക് നിർദേശം നൽകി. സുരക്ഷാ പരിശോധനകൾക്ക് ശേഷം, ടാർപോളിൻ ഷീറ്റിൽ പൊതിഞ്ഞ് സ്വർണം നൽകി. നാല് ഫുൾ ബാറുകളുടെ മൂന്ന് പായ്ക്കറ്റും, അഞ്ച് കട്ട് പീസുകൾ അടങ്ങിയ ഒരു പാക്കറ്റുമാണ് ഇയാളിൽ നിന്ന് ലഭിച്ചത്. യൂട്യൂബ് നോക്കിയാണ് സ്വർണക്കടത്തു രീതി പഠിച്ചത്. അരക്കെട്ടിലും പോക്കറ്റിലും തിരുകിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

ബെംഗളൂരു വിമാനത്താവളത്തിനു സമീപമുള്ള സർവീസ് റോഡിന്റെ അറ്റത്ത് കാത്തുനിൽക്കുന്ന ഓട്ടോറിക്ഷയിലേക്കു സ്വർണവുമായി ചെല്ലാനായിരുന്നു നിർദേശം. ഓട്ടോയുടെ രജിസ്ട്രേഷൻ നമ്പർ ‍പറഞ്ഞിരുന്നില്ല. പകരം ചില കോഡുകൾ നൽകിയിരുന്നു. ഇതിലൂടെ ഓട്ടോ തിരിച്ചറിയാനും സ്വർണം കൈമാറാനുമാണ് അജ്ഞാതൻ നിർദേശിച്ചതെന്ന് നടി ഡിആർഐ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here