ബാധയൊഴിപ്പിക്കാൻ’ ആറ് മാസമായ കുഞ്ഞിനെ തീയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കി ദുര്‍മന്ത്രവാദി; കാഴ്ച നഷ്ടമായി

Advertisement

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആറ് മാസം പ്രായമായ കുഞ്ഞിനോട് ദുർമന്ത്രവാദിയുടെ ക്രൂരത. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കുട്ടിയെ തീയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ടു.

ദുർമന്ത്രവാദത്തിനു പിന്നാലെ കുട്ടിയുടെ ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടമായി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കോലറാസ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം.

അനാചാരം കുഞ്ഞിന്റെ കണ്ണുകള്‍ക്ക് സാരമായ കേടുപാടുണ്ടാക്കിയെന്നും കാഴ്ചശക്തി തിരിച്ചുകിട്ടുമോയെന്ന് പറയാൻ പ്രയാസമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുഞ്ഞിന് എന്തൊക്കെയോ അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ദുർമന്ത്രവാദിയായ രഘുവീർ ധാക്കഡിനെ സമീപിക്കുകയായിരുന്നു. മകനെ ചില അദൃശ്യശക്തികള്‍ വേട്ടയാടുന്നുണ്ടെന്നും ഒരു ‘ഭൂതോച്ചാടന’ ചടങ്ങ് ആവശ്യമാണെന്നും ഇയാള്‍ മാതാപിതാക്കളോട് പറഞ്ഞു.

ഇതിന്റെ ഭാഗമായി കുഞ്ഞിനെ തലകീഴായി തീയ്ക്ക് മുകളില്‍ കെട്ടിത്തൂക്കി. വേദനയും പൊള്ളലും സഹിക്കാനാവാതെ കുഞ്ഞ് നിലവിളിച്ചെങ്കിലും അവന് സുഖം കിട്ടുമെന്ന് വിശ്വസിച്ച്‌ മാതാപിതാക്കള്‍ ഇത് കാര്യമാക്കിയില്ല. തുടർന്ന് കുഞ്ഞിന് പൊള്ളലേറ്റതോടെ മാതാപിതാക്കള്‍ ശിവപുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ദുർമന്ത്രവാദ ക്രൂരത പുറത്തറിയുന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കാഴ്ച നഷ്ടമായ വിവരം അറിഞ്ഞത്. കുട്ടി ചികിത്സയില്‍ തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് അമൻ സിങ് റാത്തോഡ് പറ‍‍ഞ്ഞു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഗ്രാമനിവാസിയായ ജാൻവേദ് പരിഹാർ നല്‍കിയ പരാതിയില്‍ ധാക്കഡിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എസ്പി പറഞ്ഞു. ധാക്കഡിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. കുഞ്ഞിന്റെ കണ്ണിന് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശിവപുരി ജില്ലാ ആശുപത്രി ഒഫ്ത്താല്‍മോളജിസ്റ്റ് ഡോ. ഗിരീഷ് ചതുർവേദി പറഞ്ഞു. ’72 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാനാവൂ.
കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്’- അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here