2024 ജൂൺ 5ന്, ഏഴോ എട്ടോ ദിവസത്തേക്ക് ബഹിരാകാശവാസത്തിനായി ഇറങ്ങിത്തിരിക്കുമ്പോൾ സുനിതാ വില്യംസ് കരുതിയിട്ടുണ്ടാവില്ല തനിക്ക് ഒൻപത് മാസത്തോളം ബഹിരാകാശത്ത് തങ്ങേണ്ടിവരുമെന്ന്. സുനിതയും കുടുംബവും ഈ അപ്രതീക്ഷിത പ്രശ്‌നത്തെ നേരിട്ടത് എങ്ങനെ? ‘സുനിതയുടെ ഗ്രാമം’ എങ്ങനെയാണ് പ്രതിസന്ധിയിൽ പ്രതികരിച്ചത്? ഇക്കാര്യങ്ങളൊക്കെ ഒന്നു പരിശോധിക്കാം:
ബഹിരാകാശത്ത് ദീർഘകാലം കഴിയുമ്പോൾ എന്തൊക്കെയാണ് നഷ്ടമാകുന്നത് എന്ന് സുനിത എക്‌സിൽ കുറിച്ചിട്ടുണ്ട്. ബഹിരാകാശ വാസത്തിനിടയിൽ തനിക്ക് തന്റെ കുടുംബത്തെ പിരിഞ്ഞിരിക്കേണ്ടി വരുന്നു എന്ന കാര്യം അന്ന് എടുത്തു പറഞ്ഞിരുന്നു. അതുകൂടാതെ, തന്റെ ഓമനകളായ നായ്ക്കളെ പിരിഞ്ഞതും പരാമർശിക്കപ്പെട്ടു. അതിൽ ഒരു നായ്ക്കുട്ടി ബീച്ചിൽ ഓടുന്ന ഒരു ചിത്രവും സുനിത പങ്കുവച്ചിരുന്നു.
എന്നാൽ, അടുത്തിടെ ഐഎസ്എസിൽ താമസിക്കുമ്പോൾ എന്തെല്ലാമാണ് നഷ്ടമാകുന്നത് എന്ന ചോദ്യത്തിന് ”എല്ലാം” എന്ന ഉത്തരമാണ് സുനിത നൽകിയത്. പക്ഷേ ഐഎസ്എസ് വാസം നൽകുന്ന അനുപമമായ കാഴ്ചപ്പാട് ഒന്നു വേറെതന്നെയാണ് എന്നും അവർ പറയുന്നു.
ആത്മസംയമനം പാലിച്ച് സുനിതയും ബുച് വിൽമോറും
ഭൂമിയിലേക്ക് എത്തുന്നതിൽ കാലതാമസമെടുത്തപ്പോഴും സുനിതയും ബാരിയും ആത്മസംയമനം പാലിച്ചു. സ്റ്റാർലൈനറിന് ഉണ്ടായ ഹീലിയം ലീക്ക് അടക്കമുള്ള പ്രശ്‌നങ്ങളാണ് തിരിച്ചുവരവ് വൈകിപ്പിച്ചത്.
ആരാണ് സുനിതയുടെ ഭർത്താവ് മൈക്കിൾ ജെ വില്യംസ്?
നാസ അസ്‌ട്രോനട്ട് ആയി ജോലിയെടുത്തു തുടങ്ങുന്നതിനു മുമ്പ് സുനിത അമേരിക്കൻ സൈന്യത്തിൽ ഹെലികോപ്റ്റർ പൈലറ്റായിരുന്നു. ആ കാലത്താണ് മൈക്കിളിനെ പരിചയപ്പെടുന്നത്. മൈക്കിൾ ജെ വില്ല്യംസും സുനിതയും ‘കണ്ടുമുട്ടുന്നത്’ 1987ൽ മേരിലാൻഡിലുളള നേവൽ അക്കാദമിയിൽ വച്ചാണ്. ഇരുവർക്കുമിടയിൽ തളിർത്ത മനോഹരമായ സൗഹൃദം അവർ തുടരുകയാണ്.
ഇന്ത്യയിൽ നിന്ന് ഒരു പെൺകുട്ടിയെ ദത്തെടുക്കാൻ ആഗ്രഹം
അവരുടെ വിവാഹത്തിന് കുറച്ചു പേരെ മാത്രമായിരുന്നു ക്ഷണിച്ചിരുന്നത്. വിവാഹ ജീവിതത്തിൽ കുട്ടികളൊന്നും പിറന്നില്ലെങ്കിലും. ഇന്ത്യയിൽ നിന്ന് ഒരു പെൺകുട്ടിയെ ദത്തെടുക്കാനുള്ള തീവ്രമായ ആഗ്രഹം സുനിത അറിയിച്ചിരുന്നു.
അമ്മ ബോണി പാണ്ഡ്യയ്ക്ക് അശേഷം പേടിയില്ല
സുനിത ഐഎസ്എസിൽ ‘കുടുങ്ങിയതിൽ’ മാതാവായ ബോണി പാണ്ഡ്യയ്ക്ക് അശേഷം ഭയമില്ല. അത് മകളുടെ ജോലിയുടെ ഭാഗമാണെന്നാണ് അമ്മ പറയുന്നത്. മകളുടെ കഴിവുകളിൽ തനിക്ക് വിശ്വാസമുണ്ടെന്നും അമ്മ പറഞ്ഞിരുന്നു.
അവൾ നേരത്തെയും അവിടെ പോയിട്ടുണ്ട്. ഞങ്ങൾ ഇതൊക്കെ ധാരാളം കണ്ടുകഴിഞ്ഞിരിക്കുന്നു ആ അമ്മ പറഞ്ഞു. ഇവിടെ എല്ലാം നന്നായി പോകുന്നു എന്നും, എന്നെയോർത്ത് പേടിക്കേണ്ട എന്നും സുനിത ഒരു സന്ദേശത്തിൽ പറഞ്ഞിരുന്നു.
ഐഎസ്എസിൽ കഴിഞ്ഞുവന്ന സുനിതയുമായി കുടുംബം സ്ഥിരമായി ബന്ധപ്പെട്ടിരുന്നു. ഇത്തരം ദൈർഘ്യമേറിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ സാധിക്കുക വഴി സുനിതയ്ക്ക് കൂടുതൽ അംഗീകാരമാണ് കിട്ടുക എന്നും അവർ പറഞ്ഞിരുന്നു.
പ്രാർഥനയോടെ സുനിതയുടെ ഗ്രാമം
ഗുജറാത്തിലെ ജുലാസൻ (Jhulasan) പ്രദേശത്തു നിന്നാണ് സുനിതയുടെ പൂർവികർ അമേരിക്കയിലേക്ക് കുടിയേറിയത്. ജുലാസൻ വാസികൾക്കും സുനിതയുടെ പേര് അഭിമാനം പകരുന്ന ഒന്നാണ്. സുനിതയുടെ അച്ഛനും, മുത്തശ്ശിയും മുത്തശനും ഒക്കെ ഇവിടത്തുകാരാണ്. ഇവർ മുമ്പ് മൂന്നു തവണ തിരിച്ച് ഗ്രാമം സന്ദർശിച്ചിട്ടുണ്ട്-1972, 2007, 2013 വർഷങ്ങളിൽ.
ഐഎസ്എസിൽ തങ്ങിപ്പോയ സുനിതയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി പ്രദേശവാസികൾ ദിവസവും പ്രാർത്ഥനകൾ നടത്തിയിരുന്നു. കെടാവിളക്ക് സൂക്ഷിച്ചിരുന്നു. ഏകദേശം 7000 പേരാണ് ജുലാസൻ ഗ്രാമത്തിലുള്ളത്. സുനിതയുടെ മുത്തച്ഛന്റെയും മുത്തശിയുടെയും പേരിൽ ഇവിടെ ഒരു ലൈബ്രറിയുമുണ്ട്. സുനിതയുടെ അച്ഛൻ ദീപക് പാണ്ഡ്യ ഒരു ന്യൂറോസയന്റിസ്റ്റ് ആയിരുന്നു 2020ൽ അദ്ദേഹം അന്തരിച്ചു.