‘ഇന്ത്യയിലേക്ക് സ്വർണം കടത്താൻ സ്ഥാപനം നടത്തി, രന്യയ്ക്ക് ദുബായ് റസിഡൻസ് കാർഡ്’; പങ്കില്ലെന്ന് രണ്ടാനച്ഛൻ

Advertisement

ബെംഗളൂരു: സ്വർണക്കടത്തു കേസിൽ നടി രന്യ റാവുവിന്റെ രണ്ടാനച്ഛൻ ഡിജിപി രാമചന്ദ്രറാവുവിനെ അഡിഷനൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സമിതി ചോദ്യംചെയ്തു. രന്യയുടെ സ്വർണക്കടത്ത് ഇടപാടുകളുമായി ബന്ധമില്ലെന്ന നിലപാടിൽ രാമചന്ദ്ര റാവു ഉറച്ചുനിൽക്കുകയാണ്.
അതേസമയം കുടുംബാംഗങ്ങൾ യാത്ര ചെയ്യുമ്പോൾ പൊലീസിനോട് അനുഗമിക്കാൻ നിർദേശിച്ചിരുന്നതായി അദ്ദേഹം മൊഴി നൽകി. വിമാനത്താവള പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ ബസവരാജിന്റെ എസ്കോർട്ടോടെ പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ മൂന്നിന് രന്യ അറസ്റ്റിലായത്.

12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വർണമാണ് പിടിച്ചത്. വിമാനത്താവളത്തിലെ സുരക്ഷാ പ്രോട്ടോക്കോൾ മറികടക്കാൻ രാമചന്ദ്രറാവുവിന്റെ അധികാരം ദുർവിനിയോഗം ചെയ്തെന്ന ആരോപണമാണ് ഉന്നത സമിതി അന്വേഷിക്കുന്നത്. പൊലീസ് ഹൗസിങ് കോർപറേഷൻ എംഡിയുടെ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയ രാമചന്ദ്രറാവു 15 മുതൽ നിർബന്ധിത അവധിയിലാണ്.

ഇന്ത്യയിലേക്ക് സ്വർണം കടത്താനായി രന്യ റാവുവും കൂട്ടുപ്രതി തരുൺ രാജ് കൊണ്ടരുവും ദുബായിൽ ‘വീര ഡയമണ്ട്സ്’ എന്ന സ്ഥാപനം നടത്തിയിരുന്നതായി റവന്യു ഇന്റലിജൻസ് കണ്ടെത്തി. കമ്പനിയുടെ പേരിൽ രന്യയ്ക്ക് ദുബായ് റസിഡന്റ് കാർഡുമുണ്ട്. ഇക്കാരണത്താൽ ഇടയ്ക്കിടെയുള്ള യുഎഇ സന്ദർശനത്തിന് വീസ വേണ്ടിയിരുന്നില്ല. യുഎഇയിൽ സ്വർണത്തിന് ഇറക്കുമതി തീരുവയില്ലാത്തതിനാൽ, ജനീവ, ബാങ്കോക്ക് എന്നിവിടങ്ങളിലെ മൊത്തവ്യാപാരികളിൽ നിന്ന് കമ്പനിയുടെയും യുഎസ് പാസ്പോർട്ടുള്ള തരുണിന്റെയും പേരിൽ സ്വർണം വാങ്ങിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. രന്യയുടെ ജാമ്യാപേക്ഷ ഇന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി വീണ്ടും പരിഗണിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here