ന്യൂഡെല്‍ഹി. ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കും. ഇന്നലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്‌കുമാര്‍ വിളിച്ചുചേര്‍ത്ത ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.വിവരങ്ങൾ പങ്കിടാൻ വിസമ്മതിക്കുന്ന വോട്ടർമാർ കാരണങ്ങൾ വിശദീകരിക്കേണ്ടി വരും.
ഭരണഘടനയുടെ അനുചേദം 326, 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 23(4), 23(5), 23(6) എന്നിവയിലെ വ്യവസ്ഥകള്‍ അനുസരിച്ചും, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലും ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
ഇതിനായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയിലെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെയും സാങ്കേതികവിദഗ്ധരുടെ കൂടിയാലോചനകള്‍ ഉടന്‍ ആരംഭിക്കും.ആധാർ വിശദാംശങ്ങൾ നൽകുന്നത് സ്വമേധയയെന്ന് വ്യക്തമാക്കുന്നതിനായി
നിയമ മന്ത്രാലയം ഫോം 6B ഭേദഗതി ചെയ്യും.
ആധാർ വിവരങ്ങൾ നൽകാത്ത തിന്റ പേരിൽ ആരുടെയും വോട്ടർ രജിസ്ട്രേഷൻ നിഷേധിക്കുകയോ വോട്ടർ പട്ടികയിൽ നിന്ന് നീക്കുകയോ ചെയ്യില്ല.എന്നാൽ വിവരങ്ങൾ പങ്കിടാൻ വിസമ്മതിക്കുന്ന വോട്ടർമാർ അതിന്റ കാരണങ്ങൾ വിശദീകരിക്കേണ്ടി വരും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, ഐ.ടി മന്ത്രാലയം, യു.ഐ.ഡി.എ.ഐ. എന്നിവയിലെ ഉന്നതരാണ് ഇന്നലെ ചേർന്ന യോഗത്തിൽ പങ്കെടുത്തത്.
കോണ്ഗ്രസ്, തൃണ മൂൽ കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ചു രംഗത്ത് വന്ന പശ്ചാ തലത്തിൽ ആണ് തീരുമാനം.