കല്യാണത്തിന് പൊട്ടിച്ച കളര്‍ബോബില്‍ നിന്ന് വധുവിന് പൊള്ളലേറ്റു. ബെംഗളൂരുവില്‍ നടന്ന വിവാഹത്തിന് ശേഷം ഫോട്ടോഷൂട്ടിനായി കളര്‍ബോംബ് പൊട്ടിക്കവേയാണ് വധുവിന് പൊള്ളലേറ്റത്. വധുവിന്റ ശരീരത്തിന്റെ പിന്നില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുകയും മുടിയുടെ ഭാഗങ്ങള്‍ കരിഞ്ഞുപോകുകയും ചെയ്തു. കനേഡിയന്‍ ഇന്ത്യക്കാരായ പിയയുടെയും വിക്കിയുടെയും വിവാഹത്തിനിടെയാണ് അനിഷ്ട സംഭവമരങ്ങേറിയത്.
ഫോട്ടോയ്ക്കായി പിന്നില്‍ സ്ഥാപിച്ച കളര്‍ബോംബുകള്‍ പൊട്ടിക്കുന്ന അവസരത്തില്‍ ചെരിയുകയും വധുവിന്റെ ശരീരത്തിലേക്ക് പൊട്ടിത്തെറിക്കുകയുമായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ മുന്നറിയിപ്പായി വധൂവരന്‍മാര്‍ തന്നെയാണ് പങ്കുവച്ചത്.
‘മനോഹരമായ ഒരു ഷോട്ടിനായി പിന്നില്‍ ഒരു കളര്‍ബോംബ് പൊട്ടിക്കുകയായിരുന്നു പദ്ധതി, എന്നാല്‍ അത് പാളുകയും ഞങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിക്കുകയും ചെയ്തു. ഞങ്ങളുടെ കുഞ്ഞിനെ കൂടി ഷോട്ടില്‍ ഉള്‍പ്പെടുത്താന്‍ കരുതിയിരുന്നു.’- എന്ന കാപ്ഷനോടെയാണ് ദമ്പതികള്‍ റീല്‍ പങ്കുവച്ചത്.