6 പ്രമുഖ സിനിമാ താരങ്ങൾക്കെതിരെ കേസെടുത്ത് തെലങ്കാന പൊലീസ്; അല്ലു അർജുൻ കേസിനു ശേഷം വീണ്ടും ഏറ്റുമുട്ടൽ

Advertisement

ഹൈദരാബാദ്: ഓൺലൈൻ ചൂതാട്ട പരസ്യങ്ങളിൽ അഭിനയിച്ച ആറു പ്രമുഖ സിനിമാ താരങ്ങൾക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. വിജയ് ദേവരെക്കൊണ്ട, പ്രകാശ് രാജ്, റാണ ദഗുബാട്ടി, ലക്ഷ്മി മഞ്ജു, പ്രണീത, നിധി അഗർവാൾ എന്നിവർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആയ 19 പേർക്കുമെതിരെയാണ് മിയാപുർ പൊലീസ് കേസെടുത്തത്.

ഇവർ അഭിനയിക്കുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായി യുവാക്കൾ ചൂതാട്ടങ്ങളിൽ പണം നിക്ഷേപിക്കുന്നതായി ചൂണ്ടിക്കാട്ടി ഫണീന്ദ്ര ശർമ എന്ന വ്യവസായി നൽകിയ പരാതിയിലാണ് നടപടി.

അതേസമയം, നിയമവിരുദ്ധ പരസ്യങ്ങളിൽ അഭിനയിച്ചിട്ടില്ലെന്ന് വിജയ് ദേവരെക്കൊണ്ടെ അറിയിച്ചു. കഴിവുകൾ വളർത്തുന്ന ഗെയിമുകളുടെ പരസ്യത്തിലാണ് അഭിനയിച്ചതെന്നും സുപ്രീം കോടതി വരെ ഇത്തരം പരിപാടികളെ അംഗീകരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. 2015 ൽ മാത്രമാണ് പരസ്യത്തിൽ അഭിനയിച്ചതെന്നു പ്രകാശ് രാജ് പറഞ്ഞു.

അല്ലു അർജുൻ കേസിനു ശേഷം വീണ്ടും ഏറ്റുമുട്ടൽ

പ്രമുഖ താരങ്ങൾക്കെതിരെ കേസെടുത്തതോടെ തെലങ്കാനയിൽ രേവന്ത് റെഡ്ഡി സർക്കാരും സിനിമാ മേഖലയും തമ്മിൽ വീണ്ടും ഏറ്റുമുട്ടലിന് കളമൊരുങ്ങി. കഴിഞ്ഞ ഡിസംബറിൽ പുഷ്പ സിനിമയുടെ പ്രദർശനത്തിനിടെ തിരക്കിൽ പെട്ട് ഒരു യുവതി മരിച്ചതിനെ തുടർന്ന് സൂപ്പർ താരം അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുഖ്യമന്ത്രിയും സിനിമാ രംഗത്തെ പ്രതിനിധികളും തമ്മിൽ പലവട്ടം ചർച്ച നടത്തിയാണ് ഒത്തുതീർപ്പിലെത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here