ജമ്മു: ബിയർ കാൻ നിർമാണ ഫാക്ടറിക്കായി ശ്രീലങ്കൻ ബോളർ മുത്തയ്യ മുരളീധരനു ജമ്മുവിലെ ഭാഗ്‌തലി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ അനുവദിച്ചിരുന്ന 25.75 ഏക്കർ സ്ഥലം അദ്ദേഹം തിരിച്ചുനൽകി. മുത്തയ്യയുടെ ഉടമസ്ഥതയിലുള്ള സിലോൺ ബവ്റിജസ് കമ്പനി ഇവിടെ ബോട്ട്‌ലിങ് പ്ലാന്റും ലക്ഷ്യമിട്ടിരുന്നു. നിലവിൽ കർണാടകയിൽ ബോട്ട്‌ലിങ് പ്ലാന്റുള്ള കമ്പനി ജമ്മുവിലേക്കുകൂടി വ്യവസായം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.
വ്യവസായ വാണിജ്യമന്ത്രി സുരീന്ദർ ചൗധരിയാണു നിയമസഭയിൽ ഈ വിവരം അറിയിച്ചത്. ജമ്മുവിലും കശ്മീരിലുമായി രണ്ടായിരത്തിലേറെ ഏക്കർ സ്ഥലത്താണ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. മുരളീധരൻ സ്ഥലം വിട്ടുനൽകിയതിന്റെ കാരണം മന്ത്രി വ്യക്തമാക്കിയിട്ടില്ല. ലോകം കണ്ട മികച്ച സ്പിൻ ബോളർമാരിലൊരാളായ മുത്തയ്യ മുരളീധരൻ 1996 ൽ ലോകകപ്പ് നേടിയ ശ്രീലങ്കൻ ടീമിൽ അംഗമായിരുന്നു.