ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത പ്രഫസർ അറസ്റ്റിൽ. സേത്ത് ഫൂൽ ചന്ദ് ബാഗ്ല പിജി കോളജിലെ ഭൂമിശാസ്ത്ര പ്രഫസർ രജനീഷ് കുമാറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇയാൾ ഒളിവിലായിരുന്നു.
വിദ്യാർഥികളെ രജനീഷ് പീഡിപ്പിക്കുന്നതിന്റെ 59 വിഡിയോകള്‍ പെൻഡ്രൈവിൽനിന്നു ലഭിച്ചു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ചു പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പരീക്ഷയിൽ കൂടുതൽ മാർക്ക് നൽകാമെന്നും കോളജിൽ അധ്യാപക ജോലി നൽകാമെന്നും പറഞ്ഞാണ് ഇയാൾ വിദ്യാർഥികളെ വശത്താക്കിയിരുന്നത്. ഈ വാഗ്ദാനങ്ങൾ നൽകി വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും പണം വാങ്ങിയതായും വിവരമുണ്ട്.
2008–ലാണ് ഇയാൾ ക്രൂരകൃത്യം ആരംഭിച്ചത്. 2009ൽ പീഡനങ്ങൾ ചിത്രീകരിക്കാൻ തുടങ്ങി. 2009ൽ ഒരു വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അറിയാതെ വെബ്ക്യാമിൽ പതിഞ്ഞു. അതിനുശേഷമാണു പീഡിപ്പിക്കുന്നത് ചിത്രീകരിക്കാൻ തുടങ്ങിയതെന്നു രജനീഷ് മൊഴി നൽകി. ഇതിനായി കംപ്യൂട്ടറിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു. പ്രതിയുടെ ഫോണിൽനിന്നു മാത്രം 65 വിഡിയോകൾ പൊലീസ് വീണ്ടെടുത്തു. ഇതിൽ ചിലതു പോണോഗ്രാഫിക് വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചിരുന്നു.