ന്യൂഡെല്‍ഹി.എം പിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. എം പിമാരുടെ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1,24,000 രൂപയായി ഉയർത്തി. പ്രതിദിന അലവൻസ് 500 രൂപയും പെൻഷൻ 6000 രൂപയും വർധിപ്പിച്ചു.
പാർലമെന്റ് അംഗങ്ങളുടെ ശമ്പളത്തിൽ 24 ശതമാനം വർദ്ധനവ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.ശമ്പളത്തിന് പുറമേ, സിറ്റിംഗ് അംഗങ്ങൾക്കുള്ള പ്രതിദിന അലവൻസുകളും, അഞ്ച് വർഷത്തിൽ കൂടുതൽ സേവനമനുഷ്ഠിച്ച മുൻ അംഗങ്ങൾക്ക് പെൻഷനും അധിക പെൻഷനും പരിഷ്കരിച്ചു.
പാർലമെന്ററി കാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ചു, പാർലമെന്റ് അംഗത്തിന്റെ ശമ്പളം ഒരു ലക്ഷം രൂപയിൽ നിന്നും 1.24 ലക്ഷം രൂപയായി ഉയർത്തി.എംപിമാരുടെ പ്രതി ദിന അലവൻസ് 2,000 രൂപയിൽ നിന്ന് 2,500 രൂപയായി വർദ്ധിപ്പിച്ചു. മുൻ പാർലമെന്റ് അംഗങ്ങളുടെ പെൻഷൻ പ്രതിമാസം 25,000 രൂപയിൽ നിന്ന് 31,000 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്.
അഞ്ച് വർഷത്തിൽ കൂടുതൽ സേവനമനുഷ്ഠിച്ച ഓരോ വർഷത്തിനും ലഭിക്കുന്ന അധിക പെൻഷൻ പ്രതിമാസം 2,000 രൂപയിൽ നിന്ന് 2,500 രൂപയായി വർദ്ധിപ്പിച്ചു.1961 ലെ ആദായനികുതി നിയമമനുസരിച്ചു പണപ്പെരുപ്പ സൂചികയുടെ അടിസ്ഥാനത്തിലാണ് ശമ്പള വർദ്ധനവ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.
2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം.2018 ഏപ്രിൽ 1 നാണ് എംപി മാർക്ക് മുൻപ് ശമ്പള പരിഷ്കാരണം നടപ്പാക്കിയത്.