ന്യൂഡെല്‍ഹി. ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധിപ്രസ്താവം. സ്വമേധയാ കേസ് എടുത്ത് സുപ്രീം കോടതി. വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതി നടപടി. അലഹബാദ് ഹൈക്കോടതിയുടെ വിധി വിവാദമായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറില്‍ പിടിക്കുന്നതും പൈജാമയുടെ കെട്ട് പൊട്ടിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ കുറ്റമായി കണക്കാക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. 11 വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ വിവാദ പരാമര്‍ശം.
കേസില്‍ പ്രതികളായ പവനും ആകാശും പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയും പൈജാമയുടെ ചരട് പൊട്ടിച്ച് ഒരു കലുങ്കിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു എന്നാണ് പരാതി. വഴിയാത്രക്കാരുടെ ഇടപെടല്‍ കാരണം ഇവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു.
‘പ്രതികളായ പവനും ആകാശിനുമെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളും കേസിന്റെ വസ്തുതകളും ബലാത്സംഗ ശ്രമം എന്ന കുറ്റകൃത്യമായി കണക്കാക്കുന്നില്ല. ബലാത്സംഗ ശ്രമം ആരോപിക്കാന്‍, അത് തയ്യാറെടുപ്പിന്റെ ഘട്ടത്തിനപ്പുറത്തേക്ക് പോയി എന്ന് പ്രോസിക്യൂഷന്‍ സ്ഥാപിക്കണം. ഒരു കുറ്റകൃത്യം ചെയ്യാനുള്ള തയ്യാറെടുപ്പും യഥാര്‍ത്ഥ ശ്രമവും തമ്മില്‍ വ്യത്യാസമുണ്ട്.’- ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്ര പറഞ്ഞു.
കാസ്ഗഞ്ചിലെ പട്യാലി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയുടെ പുതുക്കിയ ഹര്‍ജി കോടതി ഭാഗികമായി അംഗീകരിച്ചു. ഐപിസി 376 (ബലാത്സംഗം), പോക്‌സോ നിയമത്തിലെ സെക്ഷന്‍ 18 (കുറ്റകൃത്യം ചെയ്യാനുള്ള ശ്രമം) എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്.
എന്നാല്‍ പ്രതികളെ ഐപിസി സെക്ഷന്‍ 354-ബി (വിവസ്ത്രയാക്കാന്‍ ഉദ്ദേശിച്ചുള്ള ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം), പോക്‌സോ നിയമത്തിലെ സെക്ഷന്‍ 9/10 (ലൈംഗികാതിക്രമം) എന്നിവ പ്രകാരം വിചാരണ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.രാജ്യമാകെ വലിയ ചര്‍ച്ചക്ക് വഴിവച്ച വിധി വിവാദമായിരുന്നു. .