എംപുരാന്‍ സിനിമക്കെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ അധിക്ഷേപിക്കുന്ന രംഗങ്ങള്‍ എംപുരാനിലുണ്ടെന്നെന്നാരോപിച്ച് പെരിയാര്‍ വൈഗ ഇറിഗേഷന്‍ കര്‍ഷകസംഘമാണ് പ്രതിഷേധിച്ചത്.
എംപുരാനിലെ ചില രംഗങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ അധിക്ഷേപിക്കുന്നുണ്ടെന്നും കരാര്‍ പ്രകാരം തമിഴ്‌നാടിനുള്ള താല്പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള പരാമര്‍ശങ്ങളുണ്ടെന്നും പെരിയാര്‍ വൈഗ ഇറിഗേഷന്‍ കര്‍ഷക സംഘം ആരോപിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി നാളെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള കമ്പത്തെയും തേനിയിലെയും ധനകാര്യ സ്ഥാപനങ്ങള്‍ ഉപരോധിക്കാനാണ് കര്‍ഷക സംഘത്തിന്റെ നീക്കം. അണക്കെട്ടുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം.
അണക്കെട്ടുമായി ബന്ധപ്പെട്ട രംഗങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ എല്ലാ ജില്ലയിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. എംപുരാന്‍ ബഹിഷ്‌കരിക്കാനും സംഘടന ആഹ്വാനം ചെയ്തു. ഇതിനിടയില്‍ ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് എംപുരാന്‍.
വിവാദങ്ങള്‍ക്കിടെ ചിത്രം 200 കോടി ക്ലബിലെത്തി. അണിയറ പ്രവര്‍ത്തകരാണ് ചിത്രം 200 കോടി നേടിയ വിവരം അറിയിച്ചത്. 200 കോടിയെന്ന കടമ്പ എംപുരാന്‍ മറികടന്നുവെന്ന് മോഹന്‍ലാല്‍ ഫെസ്ബുക്കില്‍ കുറിച്ചു. അതേസമയം, വിവാദങ്ങളെ തുടര്‍ന്ന് എംപുരാന്‍ റീ എഡിറ്റഡ് പതിപ്പ് ഇന്നു മതുല്‍ തിയറ്ററിലെത്തുകയാണ്.