കുംഭമേള വൈറൽ സുന്ദരി മൊണാലിസയ്ക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ സനോജ് മിശ്ര ബലാത്സംഗക്കേസിൽ അറസ്റ്റിലായി. ഝാൻസി സ്വദേശിയായ നടിയുടെ പരാതിയിലാണ് അറസ്റ്റ്. വ്യാജ വാഗ്ദാനങ്ങൾ നൽകി നിരന്തരമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
ഝാൻസി സ്വദേശിയായ നടി ടിക് ടോക്, ഇൻസ്റ്റഗ്രാം എന്നിവ വഴി 2020ലാണ് സനോജ് മിശ്രയുമായി പരിചയപ്പെടുന്നത്. പിന്നീട് ഇടയ്ക്കിടെ സംസാരിക്കാറുണ്ടായിരുന്നു. 2021 ജൂണിൽ ഝാൻസി റെയിൽവേ സ്റ്റേഷനിൽ ഉണ്ടെന്ന് അറിയിച്ചു കൊണ്ട് സനോജ് മിശ്ര വീണ്ടും നടിയെ വിളിച്ചുവെന്നും എത്തിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും നടിയുടെ പരാതിയിലുണ്ട്. ഭയന്ന നടി പിറ്റേദിവസം മിശ്രയെ കാണാമെന്ന് സമ്മതിച്ചു. നടിയുമായി റിസോർട്ടിലേക്കു പോയ സംവിധായകൻ ലഹരി നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.
നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയും സിനിമയിൽ നായികയാക്കാമെന്ന് ഉറപ്പു നൽകിയും പല തവണ ചൂഷണം ചെയ്തുവെന്നാണ് പരാതി.
രാം കിം ജന്മഭൂമി, ഗാന്ധിഗിരി, കാശി ടു കശ്മീർ തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സനോജ് മൊണാലിസയെ ഡയറി ഓഫ് മണിപ്പുർ എന്ന സിനിമയിൽ നായികയാക്കുമെന്ന് പ്രഖ്യാപിച്ചാണ് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചത്. മൊണാലിസയ്ക്കൊപ്പം നിരവധി പരിപാടികളിലും ഇയാൾ പങ്കെടുത്തിരുന്നു.