കൊച്ചിയില്‍ നിന്ന് ബെംഗളൂരുവില്‍ ട്രെയിനിറങ്ങിയ യുവതി ബലാത്സംഗത്തിനിരയായി; രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

Advertisement

ബെംഗളൂരു: എറണാകുളത്ത് നിന്ന് ട്രെയിനില്‍ അർദ്ധരാത്രി ബെംഗളൂരുവിലെത്തിയ ബിഹാർ സ്വദേശിനി ബലാത്സംഗത്തിനിര
യായി.

റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി സഹോദരനൊപ്പം ബന്ധു വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തില്‍ രണ്ട് ഓട്ടോ ഡ്രൈവർമാരെ മഹാദേവപുര പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു കെ ആർ പുരം റെയില്‍വേ സ്റ്റേഷനടുത്ത് ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. എറണാകുളത്ത് ദിവസക്കൂലിക്ക് ജോലി ചെയ്ത് വരികയായിരുന്ന യുവതി ബിഹാറിലേക്ക് മടങ്ങുകയായിരുന്നു. ബെംഗളൂരുവില്‍ ഇവരുടെ അമ്മയുടെ സഹോദരിയുണ്ട്. അതുകൊണ്ട് ബെംഗളൂരുവിലിറങ്ങി ഒരു ദിവസം താമസിച്ച്‌, അവിടെ നിന്ന് പറ്റ്‍നയിലേക്ക് പോകാനായിരുന്നു തീരുമാനം. പുലർച്ചെയായതിനാല്‍ ഇവരെ കൂട്ടാനായി അമ്മയുടെ സഹോദരിയുടെ മകൻ കെ ആർ പുര റെയില്‍വേ സ്റ്റേഷനില്‍ കാത്ത് നിന്നിരുന്നു. ഇവിടെ ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് രണ്ട് പേർ ആളൊഴിഞ്ഞ ഇടത്ത് വച്ച്‌ ഇവരെ രണ്ട് പേരെയും ആക്രമിക്കുന്നത്. യുവതിയുടെ സഹോദരനെ മർദ്ദിച്ചവശനാക്കി നിലത്തിട്ട ശേഷം ഇവർ യുവതിയെ ആളൊഴിഞ്ഞ പറമ്പിലേക്ക് പിടിച്ച്‌ കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
സഹോദരൻ തിരികെ റോഡിലേക്ക് ഓടിയെത്തി ആളുകളോട് നിലവിളിച്ചുകൊണ്ട് വിവരം പറഞ്ഞു. നാട്ടുകാർ ഓടിക്കൂടിയാണ് യുവതിയെ അക്രമികളില്‍ നിന്ന് രക്ഷിച്ചത്. അക്രമികളെ നാട്ടുകാർ തന്നെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. സ്ഥലത്ത് ഓട്ടോ ഓടിക്കുകയായിരുന്ന ആസിഫ്, മുഷാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും ഇതില്‍ വേറെ ആർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും മഹാദേവപുര പൊലീസ് അറിയിച്ചു.

Advertisement