ചെന്നൈ: പ്രമുഖ വ്യവസായിയും എം പുരാൻ സിനിമയുടെ നിർമ്മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലന്റെ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ട്‌സില്‍ ഇഡി റെയ്‌ഡ്.
ഏകദേശം ഒരുമണിക്കൂറില്‍ ഏറെ നേരമായി പരിശോധനകള്‍ നടക്കുന്നുണ്ട് എന്നാണ് വിവരം. എന്നാല്‍ എന്ത് കേസിന്റെ പേരിലാണ് ഇപ്പോള്‍ റെയ്‌ഡ് നടത്തുന്നതെന്ന് വിവരങ്ങള്‍ വ്യക്തമല്ല. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌ഫണ്ട്‌സ് കോർപറേറ്റ് ഓഫീസിലാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്. ഇഡി കൊച്ചി യൂണിറ്റിലെ അംഗങ്ങളും പരിശോധനാ സംഘത്തിലുണ്ട്. അതേസമയം സ്ഥാപനത്തിന്റെ കോഴിക്കോട്, കൊച്ചി എന്നീ യൂണിറ്റുകളിലും പരിശോധന നടക്കുന്നുണ്ട്.
എം പുരാൻ സിനിമ മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രീയ പ്രമേയങ്ങള്‍ ചർച്ചയാകുന്ന സമയത്ത് തന്നെയാണ് ഈ റെയ്‌ഡിന്റെ വിവരം പുറത്തുവരുന്നത്. എം പുരാൻ വിവാദത്തില്‍ മോഹൻലാല്‍ ക്ഷമ ചോദിച്ച് കുറിപ്പിട്ട സമയം മോഹൻലാലിനോടും ആന്റണി പെരുമ്പാവൂരിനോടും ഗോകുലം ഗോപാലനോടും ഇഡി റെയ്‌ഡിന്റെ കാര്യം സൂചിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിൻ വർക്കി പോസ്റ്റ് ചെയ്‌തിരുന്നു. മുൻപ് 2023 ഏപ്രിലില്‍ മറ്റൊരു കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ഗോകുലം ഗോപാലനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രാവിലെ മുതല്‍ വൈകുന്നേരം വരെ ചോദ്യം ചെയ്‌തിരുന്നു. ഇതിനുശേഷം നാളിതുവരെ ഇഡി നടപടികളൊന്നും അദ്ദേഹത്തിന്റെ പേരിലുണ്ടായിട്ടില്ല.
മാർച്ച് 27ന് എം പുരാൻ റിലീസിന് തൊട്ടുമുൻപ് ചിത്രത്തിന്റെ പ്രധാന നിർമ്മാതാക്കളില്‍ ഒരാളായ ലൈക്ക പ്രൊഡക്ഷൻസ് പിന്മാറിയിരുന്നു. തുടർന്നാണ് ഗോകുലം ഗോപാലൻ ചിത്രത്തിന്റെ നിർമ്മാതാവായി എത്തിയത്.