ആദ്യം എതിർത്തു പിന്നീട് പിന്തുണ, അശോക് ധവ്ളെയെ വെട്ടാൻ ബേബിയെ ഇറക്കി കേരള ഘടകം; അനൈക്യത്തിന് മാറ്റമുണ്ടാവില്ല

Advertisement

തിരുവനന്തപുരം: സീതാറാം യെച്ചൂരി അന്തരിച്ചതിനു ശേഷം ജനറൽ സെക്രട്ടറിയാരാകും എന്നതിൽ പൊളിറ്റ് ബ്യൂറോയിൽ ഉടലെടുത്ത ഭിന്നത പാർട്ടി കോൺഗ്രസിന്റെ സമാപനം വരെ തുടർന്ന ശേഷമാണ് എം എ ബേബിക്ക് നറുക്ക് വീണത്. അശോക് ധവ്ലയെ മുൻനിറുത്തി ബംഗാൾ ഘടകവും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും നടത്തിയ നീക്കം ചെറുക്കാനാണ് ബേബിയെ മുന്നിൽ നിറുത്തിയുള്ള ചർച്ചകൾ പിബിയിലെ പ്രബല വിഭാഗം നേരത്തെ തുടങ്ങിയത്. സിപിഎം കേന്ദ്രനേതാക്കൾക്കിടയിലെ അനൈക്യത്തിന് ബേബി ജനറൽ സെക്രട്ടറിയാകുമ്പോഴും മാറ്റമുണ്ടാകുന്നില്ല.

എസ്ആർപിയോ സീതാറാം യെച്ചൂരിയോ എന്ന തർക്കത്തിനു ശേഷം 2015ൽ വിശാഖപട്ടണത്ത് യെച്ചൂരി ജനറൽ സെക്രട്ടറിയായതിനു സമാനമായ ഭിന്നതായാണ് പുതിയ നേതൃത്വത്തിന്റെ കാര്യത്തിൽ ഇത്തവണയും ദ്യശ്യമായത്. സീതാറാം യെച്ചൂരി അന്തരിച്ച ശേഷം വൃന്ദ കാരാട്ടിന്റെ പേരാണ് കേരള ഘടകം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തിയത്. എന്നാൽ വ്യാപകമായ എതിർപ്പാണ് ഇക്കാര്യത്തിൽ പാർട്ടിയിൽ ഉയർന്നത്. ഈ സാഹചര്യത്തിലാണ് ജനറൽ സെക്രട്ടഠി തൽക്കാലം വേണ്ടെന്നും പിബി കോഡിനേറ്റർ ആയി പ്രകാശ് കാരാട്ട് പ്രവർത്തിക്കട്ടെ എന്നും നിർദ്ദേശിച്ചത്. അന്നു മുതൽ സീതാറാം യെച്ചൂരിയോട് ചേർന്നു നിന്നിരുന്ന, കർഷക സമരങ്ങളുടെ നായകനായ അശോക് ധാവ്ലെയുടെ പേര് തന്നെയാണ് ബംഗാൾ നേതാക്കളുടെ മനസ്സിലുണ്ടായിരുന്നത്. കേന്ദ്രകമ്മിറ്റിയിലെ പൊതുവികാരവും ധാവ്ലെയ്ക്ക് അനുകൂലമായിരുന്നു. എന്നാൽ പ്രായപരിധിയിൽ ഇളവു നൽകി വൃന്ദയെ ജനറൽ സെക്രട്ടറിയാക്കുക എന്നതായിരുന്നു അപ്പോഴും പിബിയിലെ പ്രബല വിഭാഗത്തിന്റെ താല്പര്യം. ഇതിനോട് എതിർപ്പുയരുന്നു എന്ന് മനസിലാക്കിയാണ് എം എ ബേബിയിലേക്ക് പിന്നീട് ചർച്ചകൾ എത്തിയത്.

പ്രായപരിധിയിൽ ആർക്കും ഇളവു വേണ്ട എന്ന നിർദ്ദേശം ഇന്നലെ പിബിയിലും ബംഗാൾ നേതാക്കൾ ഉയർത്തി. കേരള ഘടകത്തിന്റെ പൂർണ്ണ പിന്തുണ തുടക്കത്തിൽ ബേബിക്ക് ഇല്ലായിരുന്നു. അശോക് ധാവ്ലെയുടെ പേര് ദേശീയ തലത്തിൽ ശക്തമായ പശ്ചാത്തലത്തിലാണ് കേരള ഘടകം ബേബിക്കൊപ്പം നിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ ചേർന്ന യോഗത്തിൽ ബേബി ജനറൽ സെക്രട്ടറിയാകണം എന്ന പ്രകാശ് കാരാട്ടിന്റെ നിർദ്ദേശത്തോട് യോജിച്ചു. തമിഴ്നാട് ഘടകവും ബേബിയോട് എന്നാൽ അഞ്ചു നേതാക്കളെങ്കിലും പിബിയിൽ വിയോജിപ്പ് അറിയിച്ചു.

മുഹമ്മദ് സലീം, നീലോത്പൽ ബസു, രാമചന്ദ്ര ഡോം, സൂര്യകാന്ത മിശ്ര, തപൻ സെൻ എന്നിവരാണ് ബേബിയുടെ പേരിനെ എതിർത്തത്. അശോക് ധാവ്ലെയും കൂടിയാകുമ്പോൾ ആറ് അംഗങ്ങളുടെ വിയോജിപ്പോടെയാണ് ബേബിയുടെ പേരിന് അംഗീകാരം നല്കിയത്. ബേബിയെ എതിർക്കുമ്പോഴും വൃന്ദകാരാട്ട് ജനറൽ സെക്രട്ടറിയാകുന്ന സാഹചര്യം ഒഴിവാക്കാനായത് ബംഗാൾ ഘടകത്തിന് ആശ്വാസമാണ്. രാമചന്ദ്ര ഡോമും അശോക് ധാവ്ലെയും മുഹമ്മദ് സലീമിന്റെ പേരും നിർദ്ദേശിച്ചത് സിപിഎമ്മിൽ വരാൻ പോകുന്ന ധ്രുവീകരണങ്ങളുടെ സാധ്യത കൂടി തുറന്നിടുന്നു. സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും ഇടയിൽ തുടങ്ങിയ ഭിന്നത പാർട്ടിയിൽ തുടരുന്നു എന്നർതഥം. കേരള ഘടകം ഇന്ന് ശക്തമാണ് എന്നതു കൊണ്ടാണ് ഇത് മറികടന്നത്. പ്രകാശ് കാരാട്ടിനോട് ചേർന്ന് നിന്നവരാണ് വിജുകൃഷ്ണനും, അരുൺ കുമാറും യു വാസുകിയും. അരുണിനെയും വിജുവിനെയും പിബിയിൽ എത്തിച്ചത് ഭാവിയിലെ അഖിലേന്ത്യാ നേതൃത്വത്തിന്റെ കൂടി സൂചനയായി.

Advertisement