മുംബൈ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ വിപണി. സെൻസെക്സ് ഒറ്റയടിക്ക് മൂവായിരം പോയിൻറാണ് ഇടിഞ്ഞത്. നിഫ്റ്റി ആയിരം പോയിൻറും ഇടിഞ്ഞു. ഇന്ത്യൻ വിപണിക്ക് മാത്രമല്ല ഏഷ്യൻ വിപണിക്ക് മൊത്തത്തിൽ വലിയ തിരിച്ചടിയാണ് ട്രംപിന്റെ തീരുവ യുദ്ധത്തിലുണ്ടായിരിക്കുന്നത്. ജപ്പാൻ, ഹോങ്കോങ് സൂചികകൾ ഒൻപത് ശതമാനം താഴ്ന്നു. ജാപ്പനീസ് കാർ കമ്പനികളുടെ മൂല്യം കൂപ്പുകുത്തി.
ഇന്ത്യൻ വിപണിയിലെന്നല്ല, ഏഷ്യൻ വിപിണിയിൽ തന്നെ ഏറെക്കുറെ എല്ലാ സൂചകങ്ങളും ഇടിവിലാണ്. മുൻ നിര കമ്പനികളുടെ ഓഹരി മൂല്യത്തിൽ 19. 4 ലക്ഷം കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്. രൂപയുടെ മൂല്യവും ഇടിഞ്ഞു. 50 പൈസയാണ് ഇന്ന് വിനിമയം തുടങ്ങിയ ശേഷം മാത്രം ഇടിഞ്ഞത്. ഒരു ഡോളറിന് 84 രൂപ 64 പൈസ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. ട്രംപിൻറെ തീരുവ യുദ്ധത്തിന് പിന്നാലെ ചൈന, അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ ഉയർത്തിയതോടെ ലോകം വ്യാപാര യുദ്ധത്തിലേക്കെന്ന ഭീതിയാണ് വിപണിയിൽ ദൃശ്യമാകുന്നത്. ഇതാണ് ഓഹരി വിപണികൾ കൂപ്പുകുത്താൻ കാരണം. ആഗോള സാമ്പത്തിക മാന്ദ്യത്തിന് തന്നെ ഇത് കാരണമാകുമോയെന്ന ആശങ്കയാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്.
ലോയ്ഡ്‌സ് മെറ്റൽസ് ആൻഡ് എനർജി, നാഷണൽ അലുമിനിയം കമ്പനി എന്നിവയുടെ ഓഹരികൾ 9 ശതമാനത്തിലധികം ഇടിഞ്ഞു, സെയിൽ, ഹിന്ദുസ്ഥാൻ കോപ്പർ, വേദാന്ത ലിമിറ്റഡ്, ഹിൻഡാൽകോ എന്നിവയുടെ ഓഹരികൾ 6 ശതമാനത്തിലധികം ഇടിഞ്ഞു. ജെ എസ് ഡബ്ല്യു സ്റ്റീൽ, ഹിന്ദുസ്ഥാൻ സിങ്ക്, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ എന്നിവയുടെ ഓഹരികൾ 5 ശതമാനത്തിലധികം ഇടിഞ്ഞു. ടാറ്റാ സ്റ്റീൽ 10 ശതമാനം ഇടിഞ്ഞ് ലോവർ സർക്യൂട്ടിലെത്തി. ശക്തമായ ഇടിവ് നിഫ്റ്റി മെറ്റൽ സൂചിക ഏകദേശം 7 ശതമാനം ഇടിഞ്ഞ് ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അദാനി എന്റർപ്രൈസസ്, എൻ എം ഡി സി, വെൽസ്പൺ കോർപ്പ് , മറ്റ് മെറ്റൽ ഓഹരികൾ എന്നിവ നാല് ശതമാനത്തിലധികം നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.