പ്രണയം വിവാഹത്തിലെത്തിയില്ല, മാവിൻ തോപ്പിൽ ജീവനൊടുക്കി യുവതി; കണ്ടെത്തിയത് തൂങ്ങിയ നിലയിൽ

Advertisement

ലക്ക്നൗ: ഉത്തർ പ്രദേശിലെ സഹാറൻപൂരിൽ 19 കാരിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാരിഗഡ് സ്വദേശിനിയായ പ്രീതിയാണ് ആത്മഹത്യ ചെയ്തത്. സഹാറൻപൂരിലെ ഒരു മാവിൻ തോപ്പിലാണ് പ്രീതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിക്കണമെന്ന ആവശ്യം കാമുകൻ നിരസിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് പ്രദേശ വാസികളാണ് പ്രീതിയെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച മുതൽ പ്രീതിയെ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബം ലോക്കൽ പൊലീസിൽ പരാതി നൽകി. ബുധനാഴ്ച പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്ന് പ്രദേശ വാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതശരീരം പ്രീതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. പ്രീതി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവിനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ വിവാഹത്തിന് യുവാവിന് താത്പര്യമുണ്ടായിരുന്നില്ലെന്നും ഇത് പ്രീതിയെ മാനസികമായി തളർത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഷാളുപയോഗിച്ചാണ് പ്രീതി മരത്തിൽ തൂങ്ങിയത്.

മ‍ൃതശരീരം കണ്ടെത്തിയ മാവിൻ തോപ്പ് രണ്ടുപേർ ചേർന്ന് പാട്ടത്തിനെടുത്തിരിക്കുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും മൃതശരീരം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Advertisement