ഭോപ്പാൽ: ഇഷ്ടപ്പെട്ട യുവാവിനൊപ്പം മകൾ ജീവിക്കാൻ തീരുമാനിച്ചതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. അയൽവാസിയായ യുവാവിനൊപ്പം 15 ദിവസം മുൻപാണ് പെൺകുട്ടി ഇറങ്ങിപ്പോയത്. എന്നാൽ അന്യസമുദായത്തിൽപ്പെട്ട യുവാവുമായുള്ള ബന്ധം കുടുംബാംഗങ്ങൾ അംഗീകരിച്ചിരുന്നില്ല. ഒളിച്ചോടിപ്പോയ പെൺകുട്ടിയെ തിരികെ പിടിച്ചുകൊണ്ടുവന്നെങ്കിലും യുവാവിനൊപ്പം ജീവിക്കാൻ കോടതി പെൺകുട്ടിയെ അനുവദിക്കുകയായിരുന്നു. ഇരുവരും വിവാഹിതരായെന്നും ഭർത്താവിനൊപ്പം ജീവിക്കാനാണ് താൽപ്പര്യം എന്നുമാണ് പെൺകുട്ടി കോടതിയോട് പറഞ്ഞത്.
മകളുടെ ഈ പ്രവൃത്തിയിൽ മനംനൊന്താണ് പിതാവ് സ്വയം വെടിവെച്ച് മരിച്ചത്. ‘മോളെ നീ ചെയ്തത് തെറ്റാണ്. എനിക്ക് നിങ്ങളെ രണ്ടുപേരെയും കൊല്ലാമായിരുന്നു, പക്ഷേ എൻറെ കൈകൊണ്ട് എൻറെ മോളെ ഞാൻ എങ്ങനെ കൊല്ലും?’ എന്നാണ് ആത്മഹത്യാ കുറിപ്പിൽ 49 കാരനായ പിതാവ് കുറിച്ചത്.
കോടതിയിൽ മകൾക്കുവേണ്ടി വാദിച്ച അഭിഭാഷകനെയും കുറിപ്പിൽ കുറ്റപ്പെടുത്തുന്നുണ്ട്. ‘അയാൾ ഒരു കുടുംബത്തെ തകർത്തു, ഒരു പിതാവിൻറെ വേദന ആ വക്കീലിന് മനസിലാവില്ലെ? അയാൾക്കും പെൺ മക്കള്ളില്ലെ’ എന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. മകളുടെ ആധാർ കാർഡിന് പിന്നിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിയത്.
ആത്മഹത്യയെ തുടർന്ന് ഭർത്താവിൻറെ അച്ഛനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു. വീട്ടിൽ നിന്ന് വലിച്ചിഴച്ച് പുറത്തിട്ട് ബോധം മറയുന്നത് വരെ അക്രമിക്കുകയായിരുന്നു. നാട്ടുകാർ വന്ന് പിടിച്ചുമാറ്റുന്നതുവരെ മർദനം തുടർന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)