‘അത് പ്രാങ്ക്’: യുവതിയെ സ്യൂട്ട്കേസിലാക്കി മെൻസ് ഹോസ്റ്റലിൽ എത്തിക്കാൻ ശ്രമിച്ച വിദ്യാർഥികൾക്കെതിരെ നടപടി

Advertisement

ഗുരുഗ്രാം∙ പെൺകുട്ടിയെ സ്യൂട്ട്കേസിലാക്കി മെൻസ് ഹോസ്റ്റലിൽ എത്തിക്കാനുള്ള വിദ്യാർഥിയുടെ ശ്രമം പാതിവഴിയിൽ പൊളിഞ്ഞതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെ, വിഷയത്തിൽ വിശദീകരണവുമായി കോളജ് അധികൃതർ.

ഹരിയാനയിലെ സോനിപത്തിലെ ഒപി ജിൻഡാൽ യൂണിവേഴ്‌സിറ്റിയാണു വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ, പ്രാങ്കിന്റെ ഭാഗമായിരുന്നെന്നും തമാശ അതിരുകടന്നതിനാൽ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

‘‘വിഡിയോയിലുള്ള വിദ്യാർഥികൾക്കെതിരെ സർവകലാശാല അച്ചടക്ക നടപടി സ്വീകരിക്കും. ശനിയാഴ്ച വിദ്യാർഥികൾക്കു കാരണം കാണിക്കൽ നോട്ടിസ് നൽകി. ഈ മാസം അവസാനത്തോടെ അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു’’– സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.

യുവതിയെ സ്യൂട്ട്കേസിൽ മെൻസ് ഹോസ്റ്റലിൽ എത്തിക്കാനുള്ള വിദ്യാർഥിയുടെ ശ്രമം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹോസ്റ്റലിന്റെ പ്രവേശന കവാടത്തിലൂടെ സ്യൂട്ട്കേസ് ഉരുട്ടിക്കൊണ്ട് വരുന്നതിനിടെ എന്തിലോ തട്ടിയപ്പോൾ പെൺകുട്ടി കരഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ സ്യൂട്ട്‌കേസ് തുറന്നു പരിശോധിച്ചതോടെയാണു പദ്ധതി പൊളിഞ്ഞത്.

Advertisement