കേന്ദ്രത്തിന് വീണ്ടും റിസർവ് ബാങ്കിന്റെ മെഗാ ‘ബംപർ’; ലാഭവിഹിതമായി റെക്കോർഡ് ‘കൈനീട്ടം’ ഖജനാവിലേക്ക്

Advertisement

വരുമാനത്തിലെ ‘സർപ്ലസ്’ തുക എല്ലാക്കൊല്ലവും ‘കൈനീട്ടം’ നൽകി കേന്ദ്രസർക്കാരിന് സന്തോഷവും സാമ്പത്തികാശ്വാസവും സമ്മാനിക്കുന്ന റിസർവ് ബാങ്ക്, ഇക്കുറി കൈമാറുക എക്കാലത്തെയും റെക്കോർഡ് തുക.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) ലാഭവിഹിതം 2.5 ലക്ഷം കോടി രൂപ കടക്കുമെന്നാണ് റിപ്പോർട്ടുകൾ. ചില അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നതാകട്ടെ മൂന്ന് ലക്ഷം കോടി രൂപ. 2023-24ൽ കൈമാറിയ 2.10 ലക്ഷം കോടി രൂപയാണ് നിലവിലെ റെക്കോർഡ്.

റിസർവ് ബാങ്കിൽ നിന്ന് ഇങ്ങനെ ‘ബംപർ’ അടിക്കുന്നത് ധനക്കമ്മി നിയന്ത്രിക്കാനും ക്ഷേമപദ്ധതികൾക്ക് പണം ഉറപ്പാക്കാനും കേന്ദ്രസർക്കാരിന് വലിയ സഹായവുമാകുന്നുണ്ട്. വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന അടിയന്തര വായ്പകൾ, നിക്ഷേപങ്ങൾ, ഡോളർ വിറ്റഴിക്കൽ എന്നിവ വഴിയാണ് റിസർവ് ബാങ്ക് പ്രധാനമായും വരുമാനം നേടുന്നത്.

ചെലവുകൾ കഴിച്ചുള്ള വരുമാനത്തിലെ മിച്ചമാണ് കേന്ദ്രത്തിന് ലാഭവിഹിതമായി കൈമാറുന്നത്. ജിഡിപിയുടെ 0.1 മുതൽ 0.4% വരെയാണ് കീഴ്‍വഴക്കപ്രകാരം റിസർവ് ബാങ്ക് കൈമാറിയിരുന്ന സർപ്ലസ്. എന്നാൽ, മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഇത് 0.5-0.55% വരെയായി.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുടെ ആഘാതം കുറയ്ക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞ സാമ്പത്തികവർഷം കരുതൽ വിദേശനാണയ ശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റൊഴിഞ്ഞിരുന്നു.

മുൻകാലങ്ങളിൽ കുറഞ്ഞമൂല്യത്തിൽ നിന്നപ്പോൾ വാങ്ങിയ ഡോളറാണ്, കഴിഞ്ഞവർഷം മൂല്യം ഉയർന്നപ്പോൾ‌ വിറ്റൊഴിഞ്ഞത്. ഇതുവഴി വൻ ലാഭം റിസർവ് ബാങ്കിനു കിട്ടിയിരുന്നു. പുറമെ, വിപണിയിൽ പണലഭ്യത മെച്ചപ്പെടുത്താനുള്ള വിവിധ നടപടികൾ വഴിയും റിസർവ് ബാങ്ക് മികച്ച വരുമാനനേട്ടം കൈവരിച്ചിരുന്നു. ഇതുകൊണ്ടാണ്, റെക്കോർഡ് ലാഭവിഹിതം കേന്ദ്രത്തിന് കൈമാറാൻ റിസർവ് ബാങ്കിനു കഴിയുന്നതും. ലാഭവിഹിതം സംബന്ധിച്ച പ്രഖ്യാപനം അടുത്തമാസമുണ്ടാകും.

കേന്ദ്രത്തിന് റിസർവ് ബാങ്ക്
നൽകിയ ലാഭവിഹിതം

∙ 2018-19 : 1,76,051 കോടി രൂപ
∙ 2019-20 : 57,128 കോടി രൂപ
∙ 2020-21 : 99,122 കോടി രൂപ
∙ 2021-22 : 30,307 കോടി രൂപ
∙ 2022-23 : 87,416 കോടി രൂപ
∙ 2023-24 : 2,10,874 കോടി രൂപ

Advertisement

1 COMMENT

Comments are closed.