ദാഹോദ്: ( ഗുജറാത്ത്) അന്യ യുവാവിനൊപ്പം ഒളിച്ചോടിയ ഭാര്യയെ വിവസ്ത്രയാക്കി തോളിലിരുത്തി നടത്തിച്ച് ഭര്ത്താവിന്റെ പ്രതികാരം. ക്രൂരമായ പീഡനം നടത്തിയതിന് ഭര്‍ത്താവ് ഉള്‍പെടെ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കലാപ ശ്രമം, സ്ത്രീകളെ അപമാനിക്കല്‍, ഐടി ആക്ട് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ദാഹോദിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയ 23കാരിയായ ഗോത്രവിഭാഗത്തില്‍പ്പെട്ട യുവതിക്കാണ് ദാരുണ പീഡനം നേരിടേണ്ടി വന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് അറിയുന്നത്. ഭാര്യ മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയതിനുള്ള ശിക്ഷയായാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ ആറിനായിരുന്നു സംഭവം. ഒളിച്ചോടിയ യുവതിയെ പ്രതികള്‍ പിന്തുടര്‍ന്ന് കണ്ടെത്തി ആക്രമിക്കുകയായിരുന്നു. ചില സ്ത്രീകള്‍ യുവതിക്ക് ചുറ്റും നിന്ന് അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവും സംഘവും അവര്‍ക്കുനേരെയും അക്രമം അഴിച്ചുവിട്ടു.
യുവതിയെ മര്‍ദിക്കുകയും വലിച്ചിഴക്കുകയും വസ്ത്രം കീറിമാറ്റുകയുമെല്ലാം ചെയ്യുന്നവര്‍തന്നെയാണ് അതിന്റെ വിഡിയോ എടുത്ത് പ്രചരിപ്പിച്ചത് പിന്നീട് വിവസ്ത്രയാക്കി ഭര്‍ത്താവിനെ തോളിലിരുത്തി നാട്ടുകാരുടെ മുന്നിലൂടെ നടത്തിച്ചെന്നും പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബിഎം പട്ടേല്‍ പറഞ്ഞു. വ്യക്തമായ തെളിവുകളോടെയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.