കോവിഡ് കേൾവിശക്തിയെയും ബാധിക്കുന്നു​; ലക്ഷണങ്ങൾ തിരിച്ചറിയാം

Advertisement

ന്യൂഡൽഹി: ചുമ, ജലദോഷം, പനി, തൊണ്ടവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കോവിഡിനോട് ചേർത്ത് പറയാറുള്ളത്.

എന്നാൽ, പുതുതായി കോവിഡ് കേൾവിശക്തിയെയും ബാധിക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്. ‘കോവിഡ് ഇയർ’ എന്ന് വിളിക്കുന്ന ഈ രോഗത്തിൽ കേൾവിശക്തിയിൽ കുറവ്, ചെവിയിൽ മുഴക്കം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും അനുഭവപ്പെടുന്നത്.

കൊറോണ വൈറസ് ശ്വാസകോശത്തെയും ശ്വസനവ്യവസ്ഥയെയും ബാധിക്കുന്നതുപോലെ തന്നെ ചെവി, മൂക്ക്, തൊണ്ട എന്നീ അവയവങ്ങളെയും ബാധിക്കുന്നുണ്ടെന്ന് ഡൽഹി പോർവൂ ട്രാൻസിഷൻ കെയറിലെ ശ്വസനേന്ദ്രിയ വിഭാഗത്തിലെ ഡോ. സന്തോഷ് ഝാ പറഞ്ഞു. ചെവിയുടെ ആന്തരിക കോശത്തിലുള്ള പ്രോട്ടീനുകളെ വൈറസുകൾ ബാധിക്കുന്നതാണ് കോവിഡ് ഇയറിന് കാരണമാകുന്നതെന്നും സന്തോഷ് ഝാ പറഞ്ഞു. കോവിഡ് ഇയറിൻറെ ലക്ഷണങ്ങളും വിദഗ്ധർ പട്ടികപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് ഇയർ ലക്ഷണങ്ങൾ

കേൾവിക്കുറവ്
ചെവിയിൽ മുഴക്കം അനുഭവപ്പെടുക
ബാലൻസ് നഷ്ടപ്പെടുക
ചെവി വേദന
രോഗലക്ഷണങ്ങളുടെ തീവ്രത അനുസരിച്ചു മാത്രമേ കോവിഡ് ഇയർ ഭേദമാകാനുള്ള സമയം തീരുമാനിക്കാൻ കഴിയൂവെന്ന് സന്തോഷ് ഝാ അഭിപ്രായപ്പെട്ടു. മിതമായ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ കുറഞ്ഞത്​ ഏഴ്​ മുതൽ 14 ദിവസം വരെയുള്ള കാലയളവിൽ രോഗം ഭേദമാകും.

കോവിഡ് ഇയർ ബാധിച്ചവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓവർ-ദി-കൗണ്ടർ മരുന്നുകൾ (ആൻറിപൈറിറ്റിക്സ്) കുടിച്ച്‌ പനി ചികിത്സിക്കുക.
ധാരാളം വെള്ളം കുടിക്കുക.
നന്നായി ഭക്ഷണം കഴിക്കുക, വിശ്രമിക്കുക.
ലക്ഷണങ്ങൾ വർധിച്ചാൽ വൈദ്യസഹായം തേടുക.