മൂന്നാം തരംഗം ശമിക്കുന്നു, ടിപിആർ പത്തിൽ താഴെ; ഇന്നലെ 1,61,386 പേർക്കു കോവിഡ്

Advertisement

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനു ശമനമാവുന്നതിന്റെ സൂചന നൽകി രോഗസ്ഥിരീകരണ നിരക്കിൽ (ടിപിആർ) കുറവ്.

പത്തു ശതമാനത്തിൽ താഴെയാണ് ഇന്നലെ ടിപിആർ-9.26.

ഇരുപത്തിനാലു മണിക്കൂറിനിടെ 1,61,386 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,81,109 പേർ ഈ സമയത്തിനിടെ രോഗമുക്തി നേടി. നിലവിൽ രോഗം ബാധിച്ച്‌ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിൽ ഉള്ളവർ 16,21,603.

രാജ്യത്ത് ഇതുവരെ 167.29 കോടി വാക്‌സിൻ ഡോസുകൾ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് കേസുകളിൽ കുറവ് വന്നതോടെ മുംബൈയിൽ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി. പ്രവേശന വിലക്കുകൾ നീക്കി ജനങ്ങൾക്കായി നഗരം തുറന്നു.

പാർക്കുകളിലും സ്പാകളിലും ബീച്ചുകളിലും ജനത്തിന് പ്രവേശിക്കാം. റസ്‌റ്റോറന്റുകൾക്കും തിയേറ്ററുകൾക്കും 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച്‌ പ്രവർത്തിക്കാം. 200 പേരെ പരമാവധി ഉൾപ്പെടുത്തി കല്യാണങ്ങൾ നടത്താം.

രാത്രി 11 മുതൽ പുലർച്ചെ 5 വരെ നഗരത്തിൽ ഏർപ്പെടുത്തിയ കർഫ്യു പിൻവലിച്ചു. നീന്തൽക്കുളങ്ങളിലും 50 ശതമാനം പേർക്കാണ് പ്രവേശനം. എന്നാൽ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ പരിധി ഉണ്ടാകില്ലെന്ന് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി.

Advertisement