കൊറോണ; വാക്‌സിൻ പ്രതിരോധം ഫലപ്രദമെന്ന് കണക്കുകൾ; രണ്ട് ഡോസ് എടുത്തവരിൽ രോഗവ്യാപനം കുറവ്

Advertisement

ന്യൂഡൽഹി: വാക്‌സിനേഷനിലൂടെ കൊറോണ പോരാട്ടം ശക്തമായെന്ന് രാജ്യത്തെ കണക്കുകൾ സൂചിപ്പിക്കുന്നു. പൂർണമായും വാക്‌സിൻ എടുക്കാത്തവരേക്കാൾ ഭാഗികമായോ വാക്‌സിനെടുക്കാത്തവരോ ആയ ആളുകൾക്കാണ് കൊറോണ മൂലമുള്ള മരണത്തിന് സാധ്യതയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കൊറോണ ഡാറ്റയുടെ ദേശീയ ക്ലിനിക്കൽ രജിസ്ട്രിയാണ് കണ്ടെത്തലിന് പിന്നിൽ. രണ്ട് ഡോസ് വാക്‌സിൻ എടുത്തവരിൽ 10 ശതമാനം പേർ കൊറോണ ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയപ്പോൾ വാക്‌സിൻ ഒരു ഡോസ് എടുത്തവരുടേയും വാക്‌സിൻ എടുക്കാത്തവരുടേയും മരണ നിരക്ക് 22 ശതമാനം ആണ്.

പൂർണമായും വാക്‌സിനേഷൻ എടുത്തവരേക്കാൾ വാക്‌സിൻ സ്വീകരിക്കാത്തവരുടേയും ഭാഗികമായി വാക്‌സിൻ എടുത്തവരുടേയും മരണ സംഖ്യ ഇരട്ടിയിലധികമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

മൂന്നാം തരംഗത്തിൽ കൊറോണ ബാധിച്ച്‌ ആശുപത്രിയിൽ ചികിത്സയിലാവുന്നവരുടെ ശരാശരി പ്രായം 44 ആയി മാറി. മുൻപ് കൊറോണ ബാധിച്ച്‌ ആശുപത്രിയിൽ ചികിത്സയിലെത്തുന്നവരുടെ ശരാശരി പ്രായം 55 ആയിരുന്നുവെന്നും ഡാറ്റ സൂചിപ്പിക്കുന്നു.

മൂന്നാം തരംഗത്തിൽ രോഗം ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിന്റെ എണ്ണത്തിൽ വർദ്ധനവ് സംഭവിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തുടനീളമുള്ള 37 ആശുപത്രികളിലെ കണക്കുകൾ വിശകലനം ചെയ്താണ് ഈ നിഗമനങ്ങളിലേക്കെത്തിയത്.