രാജ്യത്ത് ഇന്റർനെറ്റും മൊബൈൽ കണക്‌ടിവിറ്റിയുമില്ലാതെ 25,067 ഗ്രാമങ്ങൾ

Advertisement

ന്യൂഡൽഹി: ഇന്ത്യയിലെ 25000ത്തിലധികം ഗ്രാമങ്ങളിൽ ഇപ്പോഴും മൊബൈൽ കണക്‌ടിവിറ്റി പോലുമില്ലെന്ന്‌ കേന്ദ്ര സർക്കാർ.

രാജ്യത്തെ ജനവാസമുള്ള 5,97,618 ഗ്രാമങ്ങളിൽ 25,067 ഗ്രാമങ്ങളിലും മൊബൈൽ കണക്‌ടിവിറ്റിയും ഇൻറർനെറ്റും ഇല്ലെന്നാണ്‌ ടെലികോം സേവന ദാതാക്കളുടെ (ടിഎസ്‌പി) ഡാറ്റയെ അടിസ്ഥാനമാക്കി ലോക്‌സ‌ഭയിൽ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം നൽകിയ മറുപടി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ്‌ മറുപടി നൽകിയത്‌.

ഒഡീഷയിലേതാണ്‌ ഞെട്ടിക്കുന്ന കണക്കുകൾ. സംസ്ഥാനത്തെ 6099 ഗ്രാമങ്ങളിലാണ്‌ മൊബൈൽ കണക്‌ടിവിറ്റി ഇല്ലാത്തത്‌. മധ്യപ്രദേശാണ്‌ (2612) രണ്ടാമത്‌, മഹാരാഷ്‌ട്ര (2328), അരുണാചൽദേശ്‌ (2223), ചത്തീസ്‌ഗഢ്‌ (1847), ആന്ധ്രാപ്രദേശ്‌ (1787), മേഘാലയ (1674), ജാർഖണ്ഡ്‌ (1144), രാജസ്ഥാൻ (941) എന്നിങ്ങനെയാണ്‌ പിന്നീടുള്ള കണക്കുകൾ. കേരളത്തിൽ മൊബൈൽ കണക്‌ടിവിറ്റി ഇല്ലാത്ത ഒരു ഗ്രാമംപോലുമില്ല. കേരളത്തിന്‌ പുറമേ തമിഴ്‌നാട്‌, പഞ്ചാബ്‌, ഹരിയാന സംസ്ഥാനങ്ങളിലും മൊബൈൽ കണക്‌ടിവിറ്റി ഇല്ലാത്ത ഗ്രാമങ്ങൾ കുറവാണ്‌.