മുംബൈ: മഹാഭാരതം ടെലിവിഷൻ സീരിയലിൽ ഭീമസേനനെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ നടനും കായികതാരവുമായ പ്രവീൺ കുമാർ സോബ്‍തി അന്തരിച്ചു.
ആറര അടിയിലേറെ പൊക്കവും വലിയ ആകാരവുമുള്ള പ്രവീൺ കുമാർ എഴുപതുകളുടെ അവസാനം ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.
പക്ഷേ അദ്ദേഹത്തിന് ലഭിച്ചതിൽ ഏറെയും ഒരേപോലെയുള്ള വില്ലൻ വേഷങ്ങളാണ്. മഹാഭാരതം സീരിയലിലെ ഭീമൻറെ റോൾ ആണ് അവതരിപ്പിച്ചവയിൽ ഏറ്റവും ശ്രദ്ധേയം.
അഭിനയരംഗത്തേക്ക് എത്തുന്നതിനു മുൻപ് സ്പോർട്സ് താരം എന്ന നിലയിൽ പേരെടുത്തയാളാണ് പ്രവീൺ കുമാർ സോബ്‍തി. ഹാമർ ത്രോയും ഡിസ്‍കസ് ത്രോയുമായിരുന്നു പ്രാഗത്ഭ്യം തെളിയിച്ച കായികയിനങ്ങൾ.
ഈ ഇനങ്ങളിൽ ഇന്ത്യയ്ക്കുവേണ്ടി നാല് ഏഷ്യൻ മെഡലുകൾ നേടിയിട്ടുള്ള പ്രവീൺ കുമാർ രണ്ട് ഒളിമ്പിക്സുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. അർജുന അവാർഡ് ജേതാവുമാണ്.
സ്പോർട്‍സിലെ മികവ് പരിഗണിച്ച് ബിഎസ്‌എഫിൽ ഡെപ്യൂട്ടി കമാൻഡൻറ് ആയി നിയമനവും ലഭിച്ചിരുന്നു. അഭിനയിച്ച സിനിമകളിൽ അമിതാഭ് ബച്ചൻ നായകനായ ഷെഹൻഷായാണ് ഏറ്റവും ശ്രദ്ധേയ ചിത്രം.