മുംബൈ: മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. 59 കാരനായ അദാനി ഗ്രൂപ്പിന്റെ സ്ഥാപകൻ തുറമുഖങ്ങളും എയ്റോസ്പേസും മുതൽ താപ ഊർജ്ജവും കൽക്കരിയും വരെയുള്ള കമ്പനികളുടെ തലവനാണ്.
ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ഇപ്പോൾ അദ്ദേഹത്തിന്റെ ആസ്തി 88.5 ബില്യൺ ഡോളറാണ്. മുകേഷ് അംബാനിയുടെ ആസ്തി 87.9 ബില്യൻ ഡോളറാണ്.
കഴിഞ്ഞ വർഷം ഈ സമയത്ത് 40 ബില്യൺ ഡോളറിൽ താഴെയായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. എന്നാൽ സമ്പത്തിൽ വൻ കുതിപ്പാണ് ഈ കാലയളവിൽ അദാനിക്കുണ്ടായത്. ഇതോടെലോകത്തിലെ പത്താമത്തെ ധനികനായി അദാനി മാറി.കോവിഡ് മഹാമാരിയുടെ സമയത്ത് ഇന്ത്യൻ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2020 ജൂൺ മുതൽ മുംബൈയിലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ 1,000 ശതമാനത്തിലധികം കുതിച്ചുയർന്നിരുന്നു.റിലയൻസ് ഇൻഡസ്ട്രീസിനെ നിയന്ത്രിക്കുന്ന അംബാനി ബ്ലൂംബെർഗ് പട്ടികയിൽ 11-ാം സ്ഥാനത്താണ്.