ന്യൂഡൽഹി: ദേശസുരക്ഷയ്ക്കെതിരെ പ്രവർത്തിച്ചാൽ മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കുമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി).
തിങ്കളാഴ്ച വിജ്ഞാപനം ചെയ്ത പുതിയ നിയമങ്ങളിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യ സുരക്ഷയ്ക്കും വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും എതിരെയായാൽ നടപടിയുണ്ടാകും. പൊതുക്രമത്തിനും മര്യാദയ്ക്കും ധാർമ്മികതയ്ക്കും കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ടും അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ കുറ്റകൃത്യത്തിന് പ്രേരണയാകും വിധം പ്രവർത്തിച്ചാലും അക്രഡിറ്റേഷൻ റദ്ദാക്കുമെന്ന് പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നു.
വഞ്ചനാപരമായ രേഖകൾ സമർപ്പിക്കൽ അല്ലെങ്കിൽ മാധ്യപ്രവർത്തനേതര പ്രവർത്തനങ്ങൾക്ക് അക്രഡിറ്റേഷൻ ഉപയോഗിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരു മാധ്യമപ്രവർത്തകനെതിരെ ‘ഗുരുതര കുറ്റം’ ചുമത്തിയാലും അക്രഡിറ്റേഷൻ റദ്ദാക്കാൻ കഴിയും. ‘ഇന്ത്യൻ സർക്കാർ അംഗീകരിച്ച മാധ്യമപ്രവർത്തകൻ’ എന്ന് സോഷ്യൽ മീഡിയയിൽ പരാമർശിക്കുന്നതിന് പുതിയ ചട്ടങ്ങൾ മാധ്യമപ്രവർത്തകരെ വിലക്കുന്നു.
2012 സെപ്റ്റംബറിലാണ് അക്രഡിറ്റേഷൻ മാർഗനിർദ്ദേശങ്ങൾ അവസാനമായി ഭേദഗതി ചെയ്തത്. അപേക്ഷകനോ മാധ്യമ സ്ഥാപനമോ തെറ്റായ, വഞ്ചനാപരമായ അല്ലെങ്കിൽ വ്യാജമായ വിവരങ്ങളും രേഖകളും നൽകിയതായി കണ്ടെത്തിയാൽ, രണ്ട് വർഷം കുറയാതെ പരമാവധി അഞ്ച് വർഷം വരെ അക്രഡിറ്റേഷനിൽ നിന്ന് വിലക്കും.
കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കീഴിലെ ഏജൻസിയായ പി.ഐ.ബിയുടെ അംഗീകാരം ലഭിച്ച 2,400-ലധികം മാധ്യമപ്രവർത്തകരാണ് ഉള്ളത്.
ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് ഇന്റർമീഡിയറി ഗൈഡ്ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് അനുസരിച്ച് വിവരങ്ങൾ നൽകിയ ഡിജിറ്റൽ മീഡിയയിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്കും ഇപ്പോൾ അക്രഡിറ്റേഷന് അർഹതയുണ്ട്.
അക്രഡിറ്റേഷനായി അവർക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയമുണ്ടായിരിക്കണം. വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ച് ഒരു വർഷം കഴിഞ്ഞിരിക്കണം. അക്രഡിറ്റേഷൻ ലഭിക്കുന്നതിന് മുമ്പുള്ള ആറ് മാസങ്ങളിൽ കുറഞ്ഞത് ഒരു ദശലക്ഷം മുതൽ അഞ്ച് ദശലക്ഷം വരെ യുനീക് വ്യൂസ് ലഭിച്ചിരിക്കണം. 10 ദശലക്ഷത്തിലധികം വ്യൂസ് ഉള്ള വെബ്സൈറ്റുകൾ നാല് അക്രഡിറ്റേഷനുകൾക്ക് യോഗ്യമാണ്. അംഗീകൃത എംപാനൽഡ് ഓഡിറ്റർമാർ സാക്ഷ്യപ്പെടുത്തിയ കഴിഞ്ഞ ആറ് മാസത്തെ ശരാശരി പ്രതിമാസ സന്ദർശകരുടെ എണ്ണം സമർപ്പിക്കണം.