ഹിജാബ് നിരോധനം റദ്ദാക്കണമെന്ന ഹർജിയിൽ ഇടക്കാല വിധിയില്ല; വിശാല ബെഞ്ചിന് വിട്ട് കർണാടക ഹൈക്കോടതി

Advertisement

ബംഗളൂരു: വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം റദ്ദാക്കണമെന്ന ഹർജി വിശാല ബെഞ്ചിന് വിട്ട് കർണാടക ഹൈക്കോടതി.

ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ഇടക്കാല ഉത്തരവും വിശാല ബഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് ദീക്ഷിത് ഉത്തരവിൽ വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് ക്ലാസിൽ പങ്കെടുക്കാൻ സഹായകരമായ ഇടക്കാല വിധി പുറപ്പെടുവിക്കണമെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ സഞ്ജയ് ഹെഗ്‌ഡെ, ദേവദത്ത് കാമത്ത് എന്നിവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഇക്കാര്യം അംഗീകരിച്ചില്ല. കേസിൽ ഇടക്കാല വിധി പുറപ്പെടുവിക്കുന്നതിനെ കർണാടക സർക്കാറിനായി ഹാജരായ അഭിഭാഷകൻ ജനറൽ പ്രഭുലിങ് നവദാഗി എതിർത്തു. ഈ ഘട്ടത്തിൽ ഇടക്കാല ഉത്തരവ് നൽകുന്നത് കേസിലെ ഹർജി അനുവദിക്കുന്നതിന് തുല്യമായിരിക്കുമെന്ന് അദ്ദേഹം കോടതിയിൽ വാദിച്ചു.

ഹിജാബ് യൂണിഫോമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് അഡ്വക്കേറ്റ് ജനറൽ വാദിച്ചു. കോളജ് അധികൃതർ നിർദേശിക്കുന്ന യൂണിഫോമിലാണ് വിദ്യാർത്ഥികൾ വരേണ്ടത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ ചോദ്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് വിശാലമായൊരു ബെഞ്ച് രൂപീകരിക്കുകയാണെന്ന് ഹൈക്കോടതി പറഞ്ഞു. അതേസമയം, ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തിൽ ഇടപെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. കോളജുകൾ നിർദേശിക്കുന്ന ഡ്രസ് കോഡുമായി ക്ലാസിലെത്താൻ വിദ്യാർഥികൾക്ക് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉഡുപ്പിയിലെ സർക്കാർ പ്രീയൂനിവേഴ്‌സിറ്റി കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്ത് ആണ് വിദ്യാർത്ഥികൾക്കു വേണ്ടി കോടതിയിൽ ഹാജരായത്. അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് കെ. നവദാഗി കർണാടക സർക്കാരിനു വേണ്ടിയും വാദങ്ങൾ അവതരിപ്പിച്ചു.