തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ അബദ്ധം പറ്റിയാൽ ഉത്തർപ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ആദ്യഘട്ട പോളിംഗ് നടക്കുന്നതിനിടെയാണ് യോഗിയുടെ പരാമർശം.ഈ അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങൾക്ക് തെറ്റിയാൽ, ഈ അഞ്ച് വർഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തർപ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാൻ അധിക സമയം എടുക്കില്ലെന്നും യോഗി വോട്ടർമാരോട് പറഞ്ഞു.
ഈ പരാമർശത്തിൽ മറുപടിയുമായി മുഖ്യമ്രന്തി പിണറായി വിജയനും കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയും രംഗത്തെത്തി.
യുപി കേരളം പോലെയായാൽ അവിടെ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവും കൈവരുമെന്ന് പിണറായി പറഞ്ഞു. മതത്തിന്റേയും ജാതിയുടേയും പേരിലുള്ള കൊലപാതകങ്ങൾ ഉണ്ടാകില്ല. ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുമെന്ന് യോഗി ആദിത്യനാഥ് ഭയപ്പെടുന്നുവെന്നും പിണറായി വിജയൻ ട്വീറ്റ് ചെയ്തു. മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത ഒത്തൊരുമയുള്ള ഒരു സമൂഹം ഉണ്ടാകും. അതാണ് യുപിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളവും ബംഗാളും കശ്മീരും ആകാൻ യുപിക്ക് ഭാഗ്യം ലഭിക്കട്ടെയെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ബിജെപി അധികാരത്തിൽ വന്നില്ലെങ്കിൽ യുപി കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്ന് യോഗി ആദിത്യനാഥ് വോട്ടർമാരോട് പറയുന്നു. യുപിക്ക് ഭാഗ്യമുണ്ടാകണം. കശ്മീരിന്റെ സൗന്ദര്യവും ബംഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും യുപിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. യുപിയുടെ വിസ്മയം അവിടുത്തെ സർക്കാരിനെ കുറിച്ചുള്ള സഹതാപമാണ്’ തരൂർ പറയുന്നു.