റഷ്യൻ സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ നിർത്തിവെച്ച്‌ എസ് ബി ഐ

Advertisement

ന്യൂഡൽഹി: യുക്രൈൻ – റഷ്യ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയ റഷ്യൻ സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ നിർത്തിവെച്ച്‌ രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ് ബി ഐ.

ഇത്തരം സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ തുടർന്നാൽ തങ്ങൾക്കും ഉപരോധം നേരിടേണ്ടി വരുമോയെന്ന ആശങ്ക നിലനിൽക്കുന്നതിനാലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് എസ് ബി ഐയുടെ സർക്കുലറിൽ പറയുന്നു.

ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂണിയൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന റഷ്യൻ കമ്പനികളുമായി ഇടപാടുകൾ വേണ്ടെന്നാണ് എസ് ബി ഐയുടെ തീരുമാനം. കമ്പനികൾക്ക് പുറമേ ബാങ്കുകൾ, പോർട്ടുകൾ തുടങ്ങി ഉപരോധപ്പട്ടികയിലുള്ള ഒരു സ്ഥാപനവുമായി ഇടപാടുകൾ നടത്തില്ല. ഏത് കറൻസിയിലാണ് ഇടപാട് എന്ന കാര്യവും പരിഗണിക്കില്ലെന്നും സർക്കുലറിൽ പറയുന്നു. ഇടപാടുകൾ പൂർത്തിയാക്കാൻ ബാങ്കിങ് ചാനൽ ഒഴികെയുള്ള മറ്റു വഴികൾ തേടുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

മോസ്‌കോയിലെ കോമേഴ്സിൽ ഇൻഡോ ബാങ്ക് എന്ന പേരിൽ എസ് ബി ഐ സംയുക്ത സംരംഭം നടത്തുന്നുണ്ട്. ഇതിൽ കാനറബാങ്കാണ് മറ്റൊരു പങ്കാളി. 40 ശതമാനം ഓഹരിപങ്കാളിത്തം കാനറ ബാങ്കിനാണ്.

Advertisement