ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാരിന് അനുമതി നിഷേധിച്ച്‌ കേന്ദ്രം

Advertisement

ന്യൂഡൽഹി:ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ് ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാരിന് അനുമതി നിഷേധിച്ച്‌ കേന്ദ്രം.സംസ്ഥാന സർക്കാരുകൾക്കും പൊതുമേഖലാ സ്ഥാപനത്തിനും ലേലത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചു.

ഹിന്ദുസ്ഥാൻ ലാറ്റക്‌സിനെ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച ശേഷം ആസ്തികൾ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ സംസ്ഥാന സർക്കാർ കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ നടപടി ക്രമങ്ങൾ പുരോഗമിക്കവേയാണ് ലേലത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് സംസ്ഥാനത്തെ കേന്ദ്രം വിലക്കിയത്.എന്നാൽ സംസ്ഥാന സർക്കാരുകൾക്കോ സർക്കാരിന്റെ അധീനതയിലുള്ള പൊതുമേഖലാ സംരംഭങ്ങൾക്കോ ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാർ കത്തിലൂടെ അറിയിച്ചത്.

കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങൾ പലതും ലേല നടപടികളിലേക്ക് കടന്ന പശ്ചാത്തലത്തിൽ പല ഘട്ടത്തിലും സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് എച്ച്‌എൽഎൽ ലേല നടപടികളിൽ പങ്കെടുക്കാനുള്ള അനുമതി സംസ്ഥാന സർക്കാർ തേടിയിരുന്നത്.

കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരേ വരുംദിവസങ്ങളിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്താനാണ് കേരളം തയാറെടുക്കുന്നത്. ലോക്‌സഭയിൽ ഉൾപ്പെടെ സംസ്ഥാനം ഈ വിഷയം ഉന്നയിച്ചേക്കും.