അന്താരാഷ്ട്ര വനിതാ ദിനത്തിൽ കോൺഗ്രസ് വനിതാ എംഎൽഎ നിയമസഭയിലെത്തിയത് കുതിരപ്പുറത്ത്

Advertisement

റാഞ്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ കോൺഗ്രസ് വനിതാ എംഎൽഎ നിയമസഭയിലെത്തിയത് കുതിരപ്പുറത്ത്.

ഝാർഖണ്ഡിലെ ബർകഗാവ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് നിയമസഭാംഗം അംബ പ്രസാദ് ആണ് കുതിരപ്പുറത്ത് കയറി നിയമസഭയിലെത്തിയത്.

സ്ത്രീകൾ മറ്റാരുമല്ല എന്ന സന്ദേശം നൽകാനാണ് താൻ നിയമസഭയിലേക്ക് കുതിരപ്പുറത്ത് കയറി സഞ്ചരിച്ചതെന്ന് പിന്നീട് എം എൽ എ വ്യക്തമാക്കി. ആവശ്യം വരുമ്പോൾ എല്ലാ മേഖലയിലും സ്ത്രീകൾ സ്വയം കഴിവ് തെളിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

വിരമിച്ച ഒരു സൈനിക ഉദ്യോഗസ്ഥനാണ് എം എൽ എക്ക് കുതിരയെ സമ്മാനിച്ചത്. അംബ പ്രസാദ് കുതിരപ്പുറത്ത് കയറി നിയമസഭയുടെ കോമ്പൗണ്ടിനകത്ത് കയറാൻ ശ്രമിച്ചങ്കെിലും സുരക്ഷാ കാരണങ്ങളാൽ സുരക്ഷാ ഉദ്യോഗസ്ഥർ അവരെ ഗേറ്റിൽ തടയുകയായിരുന്നു.

ഒരു സ്ത്രീയായതിൽ അഭിമാനിക്കുന്നു, ഇന്ന് സ്ത്രീകൾ എല്ലാ മേഖലയിലും കഴിവ് തെളിയിച്ചു കഴിഞ്ഞു, സ്ത്രീകളെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുക്കി നിർത്തരുതെന്നാണ് സമൂഹത്തോടുള്ള തന്റെ അഭ്യർഥനയെന്ന് അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സ്ത്രീകൾ അവരുടെ അവകാശങ്ങളും കടമകളും തിരിച്ചറിയണമെന്നും സമൂഹത്തിന്റെ വികസനത്തിനായി അവരുടെ മുഴുവൻ കഴിവുകളും ഉപയോഗിക്കണമെന്നും അവർ അഭ്യർഥിച്ചു.

ഝാർഖണ്ഡ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് 28 കാരിയായ അംബ പ്രസാദ്. പിതാവ് യോഗേന്ദ്രസാവോയും അമ്മ നിർമല ദേവിയും ബർകഗാവ് സീറ്റിൽ നിന്നുള്ള എംഎൽഎമാരാണ്.

Advertisement