ന്യൂഡൽഹി: 32 വർഷത്തെ ജയിൽവാസത്തിനു ശേഷം രാജീവ്ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് കോടതി.
വർഷങ്ങൾ നീണ്ട തടവും നല്ല നടപ്പും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തെ കേന്ദ്ര സർക്കാർ എതിർത്തെങ്കിലും ജസ്റ്റിസ് എൽ. നാഗേശ്വര റാവു, ജസ്റ്റിസ്. ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു.
ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21 വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ടി.ടി.ഇ അംഗമായ തനു എന്നും തേന്മൊഴി രാജരത്നം എന്നും അറിയപ്പെടുന്ന കലൈവാണി രാജരത്നം മനുഷ്യ ബോംബായി ശ്രീപെരുമ്പത്തൂരിൽ വെച്ചു കൊലപ്പെടുത്തി. ഈ കേസുമായി ബന്ധപ്പെട്ട് 1991 ജൂൺ 11നാണ് രാജീവ്ഗാന്ധി വധക്കേസിൽ പേരറിവാളൻ അറസ്റ്റിലായത്.
അതേസമയം, 26 വർഷത്തെ ജയിൽ വാസത്തിനുശേഷം 2017 ൽ പേരറിവാളന് ജാമ്യം നൽകിയിരുന്നു. പിതാവിൻറെ അസുഖം, സഹോദരി പുത്രിയുടെ വിവാഹം, പേരറിവാളൻറെ വൃക്കരോഗ ചികിത്സ തുടങ്ങിയ കാരണങ്ങൾക്കായാണ് പരോൾ വിധിച്ചത്.