ന്യൂഡൽഹി: ഭരണസിരാ കേന്ദ്രമായ രാജ്യതലസ്ഥാനത്ത് നിന്നും രാഷ്ട്രീയാധികാരം പഞ്ചാബിലേക്കും വ്യാപിപ്പിച്ച് ആം ആദ്മി പാർട്ടി.
പഞ്ചാബിൽ മിന്നും ജയമാണ് ആം ആദ്മി പാർട്ടി സ്വന്തമാക്കിയത്.
സംസ്ഥാന നിയമസഭയിലെ 117ൽ 91സീറ്റുകളും ആം ആദ്മി നേടി. പഞ്ചാബിലെ ഭരണകക്ഷിയായ കോൺഗ്രസ് വെറും 17 സീറ്റുകളിൽ ഒതുങ്ങിയത് ഏറെ ദയനീയ കാഴ്ചയായി.
ഡൽഹിയിൽ നിന്നും അതിർത്തി സംസ്ഥാനമായ പഞ്ചാബിലേക്ക് അധികാരം വ്യാപിപ്പിച്ചത് വഴി അടുത്തിടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പാർട്ടിക്കും സ്വന്തമാക്കാനാകാത്ത നേട്ടമാണ് ആം ആദ്മി പാർട്ടി കരസ്ഥമാക്കിയിരിക്കുന്നത്.
ആം ആദ്മി പാർട്ടിക്കും മുൻപേ രാഷ്ട്രീയകളത്തിലിറങ്ങിയ ബഹുജൻ സമാജ് വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ, ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ഡിഎംകെ, എ ഐഡിഎംകെ, എൽജെപി, ജനതാദൾ(എസ്), ജനതാദൾ(യു) തുടങ്ങിയ മറ്റൊരു പാർട്ടിക്കും ലഭിക്കാത്ത നേട്ടമാണ് ആം ആദ്മി പാർട്ടി സ്വന്തമാക്കിയത്. ഈ വിജയം ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രാചരണത്തിൻറെ ഓരോ മേഖലയിലും വലിയ സൂക്ഷ്മതയാണ് ആം ആദ്മി പാർട്ടി പുലർത്തിയത്.
സൗജന്യ ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങി ഡൽഹി മോഡലിലാണ് കേജരിവാൾ പഞ്ചാബിലെ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത്. കോവിഡിനെ തുടർന്ന് റാലികൾ നിരോധിച്ച സാഹചര്യത്തിൽ ഓൺലൈൻ സാധ്യതകളും അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തി.
പ്രചരണത്തിന് മുന്നിട്ടിറങ്ങിയ കെജരിവാളിനെ സഹായിക്കാൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ എന്നിവരും മുന്നോട്ടുവുന്നു.
പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ മുഖമാണ് മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് സിംഗ് മൻ. സിംഗൂരിൽ നിന്നും രണ്ടുതവണ ഭഗവന്തിനെ എംപിയായി തെരഞ്ഞെടുത്തിട്ടുണ്ട്. എഎപി സംസ്ഥാന കൺവീനറുമായിരുന്ന ഭഗവന്തിനെ മുന്നിൽ നിർത്തിയാണ് പാർട്ടി ഇത്തവണ നിയമസഭയിലേക്ക് വോട്ട് തേടിയത്.