മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷനെ വിമർശിച്ച്‌ സുപ്രിം കോടതി

Advertisement

ന്യൂഡൽഹി: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് പെൻഷനിൽ സംസ്ഥാന സർക്കാരിനെതിരേ സുപ്രിംകോടതിയുടെ രൂക്ഷവിമർശനം.

രണ്ടു വർഷം ജോലി ചെയ്യുന്നവർക്ക് ആജീവനാന്തം പെൻഷൻ നൽകുന്ന സമ്പ്രദായം രാജ്യത്ത് വേറൊരിടത്തുമില്ല. സംസ്ഥാന സർക്കാരിന് ഇത്രയ്ക്കും ആസ്തിയുണ്ടോ എന്നും സുപ്രിംകോടതി ചോദിച്ചു. രാജ്യത്ത് മറ്റൊരിടത്തും രണ്ടു വർഷം സേവനം നടത്തുന്നവർക്ക് പെൻഷൻ ലഭിക്കില്ലെന്നും കോടതി പറഞ്ഞു.

വിപണി വിലയേക്കാൾ കൂടുതൽ തുക ഡീസലിന് ഈടാക്കുന്നതിനെതിരേ കെഎസ്‌ആർടിസി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ച് കേരള സർക്കാരിനെതിരേ വിമർശനം ഉന്നയിച്ചത്. ഡീസലിന് അധിക തുക നൽകേണ്ടിവരുന്നത് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നും ഇന്ധന വില നിർണയിക്കുന്നതിന് സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റിയെ നിയമിക്കാൻ നിർദേശം നൽകണമെന്നും കെഎസ്‌ആർടിസിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

അപ്പോഴായിരുന്നു ജസ്റ്റിസ് അബ്ദുൾ നസീറിന്റെ വിമർശനം. സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അഭിഭാഷകൻ പറയുന്നു. അപ്പോൾ സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിൽ എന്തുകൊണ്ട് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് ഈ രീതിയിൽ പെൻഷൻ അനുവദിക്കുന്നുവെന്ന് ജസ്റ്റിസ് ചോദിച്ചു. കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷനുമായി ബന്ധപ്പെട്ട വാർത്തയും കോടതി ചൂണ്ടിക്കാട്ടി. അത്രയധികം ആസ്തിയുള്ള സർക്കാർ എന്തിനാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചതെന്നും ജസ്റ്റിസ് നസീർ ചോദിച്ചു.

രണ്ടു വർഷം ജോലി ചെയ്താൽ ആയുഷ്‌കാലം പെൻഷൻ നൽകുന്ന സമ്പ്രദായം ലോകത്ത് എവിടെയുമില്ല. ഇക്കാര്യത്തിൽ കോടതിയുടെ അതൃപ്തി സർക്കാരിലെ ഉന്നതരെ അറിയിക്കാൻ സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരിയോട് സുപ്രിംകോടതി നിർദേശിച്ചു. കോടതിയുടെ വികാരം സർക്കാരിനെ അറിയിക്കാമെന്ന് അദ്ദേഹം അറിയിച്ചു. കെഎസ്‌ആർടിസിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കില്ലെന്നും ഹൈക്കോടതിയെ സമീപിക്കാനും സുപ്രിംകോടതി നിർദേശിച്ചു. ഇതനുസരിച്ച്‌ ഹർജി സർക്കാർ പിൻവലിച്ചു.