ബംഗളൂരു: ഗുജറാത്ത് മോഡലിൽ കർണാടകയിലെ സ്‌കൂളുകളിലും ഭഗവദ് ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നു.
ഗുജറാത്തിന്റെ പാത പിന്തുടർന്ന് ഭഗവദ് ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. മോറൽ സയൻസ് സിലബസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. അത് വിദ്യാർഥികളിൽ സ്വാധീനം ചെലുത്തും. ഗുജറാത്തിൽ മൂന്നുഘട്ടങ്ങളിലായാണ് മോറൽ സയൻസ് സിലബസിൽ ഉൾപ്പെടുത്തുന്നതെന്നും ആദ്യഘട്ടത്തിൽ ഭഗവദ് ഗീത.
മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാൽ വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ച് സിലബസ് തയ്യാറാക്കും. ആഴ്ചയിൽ എത്ര സമയം വിഷയം പഠിപ്പിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. എന്തുകൊണ്ട് ഭഗവദ് ഗീത കുട്ടികൾക്ക് പഠിപ്പിക്കുന്നില്ല എന്നതാണ് ചോദ്യം. ഭഗവദ് ഗീത, രാമായണം എന്നിവ സിലബസിലുൾപ്പെടുത്തണോ എന്ന് വിദ്യാഭ്യാസ വിദഗ്ധരാണ് പറയേണ്ടത്. ഖുർആനിൽനിന്നും ബൈബിളിൽനിന്നുമുള്ള ധാർമിക കഥകളും ഉൾപ്പെടുത്താൻ അവർ നിർദേശിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, നിലവിലെ സിലബസ് തയ്യാറാക്കിയത് വിഭവശേഷിയുള്ള വ്യക്തികളാണെന്നും ഇപ്പോൾ ഒന്നും ഉൾപ്പെടുത്തേണ്ടതില്ലെന്നുമാണ് കോൺഗ്രസ് നിലപാട്.
സിലബസിൽ രാമായണം, ഭഗവദ്ഗീത, മറ്റ് പുണ്യഗ്രന്ഥങ്ങൾ എന്നിവയെക്കുറിച്ചുള്ള പാഠങ്ങളുണ്ടെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. ഇപ്പോൾ ഒന്നിനെയും മഹത്വവൽക്കരിക്കേണ്ടതില്ല. ‘ഞാൻ തുടക്കത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തെ (എൻഇപി) എതിർത്തിരുന്നു. ഇപ്പോഴത്തെ സിലബസ് എല്ലാം ഉൾക്കൊള്ളുന്നു. അതിൽ പുതുതായി ഒന്നും ഉൾപ്പെടുത്തേണ്ട ആവശ്യമില്ല.
ബിജെപിക്ക് ഈ വിഷയത്തിൽ ക്രെഡിറ്റ് എടുക്കാൻ ഒന്നും ബാക്കിയില്ല. നമ്മുടെ അന്തരിച്ച മുഖ്യമന്ത്രി കെംഗൽ ഹനുമന്തയ്യ ഭഗവദ് ഗീതയുടെ പകർപ്പുകൾ നേരത്തെ രണ്ടുരൂപയ്ക്ക് വിതരണം ചെയ്തിരുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിൽ ആറ് മുതൽ 12 വരെയുള്ള ക്ലാസുകളുടെ സിലബസിൽ അടുത്ത അധ്യയന വർഷം മുതൽ ഭഗവദ് ഗീത പഠനമുണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി ജിത്തു വഘാനിയ അറിയിച്ചിരുന്നു. ഇംഗ്ലീഷ് മീഡിയമടക്കം സർക്കാരിന് കീഴിലുള്ള എല്ലാ സ്‌കൂളുകൾക്കും ഇത് ബാധകമാണ്.
പാരമ്പര്യത്തിൽ അഭിമാനം വളർത്താനും പൈതൃകവുമായുള്ള ബന്ധം മുറിയാതിരിക്കാനുമാണ് ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതെന്ന് സർക്കാർ വിശദീകരിക്കുന്നു. ഭഗവദ്ഗീതയുടെ പ്രസക്തിയും പ്രാധാന്യവും ഓരോ വിദ്യാർഥിയെയും മനസ്സിലാക്കേണ്ടതുണ്ട്. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഭഗവദ്ഗീത കഥകളുടെ രൂപത്തിൽ അവതരിപ്പിക്കപ്പെടുമ്പോൾ ഒമ്പതാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി വിശദമായ വ്യാഖ്യാനങ്ങൾക്കൊപ്പമാണ് ഗീത അവതരിപ്പിക്കുന്നത്. ഭഗവദ് ഗീത സിലബസിൽ ഉൾപ്പെടുത്താനുള്ള ഗുജറാത്ത് സർക്കാരിന്റെ നീക്കങ്ങളെ കോൺഗ്രസും ആം ആദ്മി പാർട്ടിയും സ്വാഗതം ചെയ്തിട്ടുണ്ട്.