അതിർത്തികളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ

Advertisement

തിരുവനന്തപുരം: അതിർത്തികളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ.2023 ഓടെ അഞ്ച് പ്രധാന അതിർത്തികളിലെ വികസനത്തിനായി സർക്കാർ 7,000 കോടി രൂപയോളം ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ചൈന, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലദേശ്, ഭൂട്ടാൻ മേഖലകളിലാണു പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യ-ചൈന അതിർത്തിയിൽ 10,000 കിലോമീറ്റർ ദൈർഘ്യമുള്ള 177 റോഡുകൾ നിർമിക്കാനാണ് പദ്ധതി. ആദ്യഘട്ടമായി 751.58 കിലോമീറ്റർ ദൈർഘ്യമുള്ള 25 റോഡുകളുടെ നിർമാണം ആരംഭിച്ചു. ഈ റോഡുകൾ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്ന് അതിർത്തി പ്രദേശങ്ങളെ ബന്ധിപ്പിക്കും. 3,482.52 കോടി രൂപയാണ് ചെലവ്. രണ്ടാം ഘട്ടത്തിലുള്ള 32 റോഡുകളുടെ നിർമാണം പുരോഗമിക്കുന്നു. ലഡാക്കിൽ 32 ഹെലിപ്പാഡുകളും നവീകരിക്കും.

ഇന്ത്യ-പാക്ക് അതിർത്തിയിൽ വൻ വികസന പ്രവർത്തനങ്ങളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അതിർത്തിയിലെ വേലി, റോഡ് നിർമാണം എന്നിവ വർധിപ്പിക്കും. രാത്രിയിൽ സംശയാസ്പദമായ നീക്കങ്ങൾ സേനയ്ക്ക് നിരീക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഫ്ലഡ് ലൈറ്റുകൾ സ്ഥാപിക്കും. ആന്റി-ഡ്രോൺ സാങ്കേതികവിദ്യ, തെർമൽ ഇമേജിങ്, മൂവ്മെന്റ് സെൻസറുകൾ തുടങ്ങിയ സാങ്കേതിക വിന്യാസവും ലക്ഷ്യമിടുന്നു